മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുകൾ കൈമാറുന്നത് വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. സെപ്റ്റംബറോടെ മുഴുവൻ കുടുംബങ്ങൾക്കും വീടുകൾ കൈമാറുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഗുണഭോക്താക്കളെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് പോലും നടന്നിട്ടില്ലെന്നാണ് അതിജീവിതരുടെ പരാതി.
പുനരധിവാസ ടൗൺഷിപ്പ് വീണ്ടും സമരവേദിയാകുകയാണ്. മന്ത്രി ടി. സിദ്ദിഖിനെ കൺവീനറാക്കി യുഡിഎഫ് സർക്കാർ പുതിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെങ്കിലും പ്രഖ്യാപനങ്ങൾ ലക്ഷ്യം കണ്ടില്ലെന്നാണ് ദുരന്തബാധിതർ ആരോപിക്കുന്നത്.
സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും വീട് നൽകുമെന്ന വാഗ്ദാനം നടപ്പായില്ല. വീടുകൾ ആർക്കൊക്കെ ലഭിക്കുമെന്ന് നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പും ഇതുവരെ നടന്നിട്ടില്ല. നിലവിലെ പട്ടിക പ്രകാരം 327 ഗുണഭോക്താക്കളാണുള്ളത്. ഒന്നാംഘട്ട വിതരണത്തിന് ശേഷം 149 കുടുംബങ്ങൾക്ക് വീടുകൾ ലഭിക്കാനുണ്ട്. ഇതിന് പുറമെ അവസാനഘട്ട പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച 83 ഗുണഭോക്താക്കളുടെ കാര്യത്തിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
നിർമാണ പ്രവർത്തനങ്ങളും മന്ദഗതിയിലാണെന്നാണ് ആരോപണം. രണ്ടായിരത്തിയഞ്ഞൂറോളം തൊഴിലാളികൾ രാപ്പകൽ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോൾ 500ൽ താഴെ തൊഴിലാളികൾ മാത്രമാണ് ജോലി ചെയ്യുന്നത്. ഇതോടെയാണ് അർഹമായ വീടിനായി അതിജീവിതർ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുന്നത്. വീട് ലഭിക്കാത്തവരും നിലവിൽ ടൗൺഷിപ്പിൽ താമസിക്കുന്നവരും ഇന്ന് പ്രതിഷേധത്തിൽ അണിനിരക്കും.