വയനാട് മാനന്തവാടി തൃശിലേരിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീട് ഭാഗികമായി തകർത്തു. മുത്തുമാരി സ്വദേശി സണ്ണിയുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഈ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

തിരുനെല്ലി പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന പ്രദേശമായ മുത്തുമാരിയിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി ഭീതി പരത്തിയത്. സണ്ണിയുടെ വീടിന്റെ പിൻഭാഗത്തെ ചുമരും ശുചിമുറിയും ആന തകർത്തു.  പറമ്പിലെ വാഴ ഉൾപ്പെടെയുള്ള കൃഷികളും ചവിട്ടിമെതിച്ചു. രണ്ട് മുറികൾ മാത്രമുള്ള ചെറിയ വീടാണ് തകർത്തത്. സംഭവം നടക്കുമ്പോൾ സണ്ണിയും കുടുംബവും മകളുടെ വീട്ടിൽ വിരുന്നിന് പോയിരുന്നതിനാലാണ് വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

പ്രദേശത്ത് വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് കാട്ടാനകൾ നിരന്തരം നാട്ടിലിറങ്ങാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

കുടുംബത്തെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റുമെന്നും, ആറു മാസത്തിനകം വീട് പുനർനിർമ്മിച്ചു നൽകാമെന്നും വനംവകുപ്പ് കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിരോധ വേലികൾ യഥാസമയം പൂർത്തിയാക്കി കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ  ആവശ്യം.

ENGLISH SUMMARY:

Wild elephant attack Wayanad details the recent incident where a wild elephant damaged a house in Mananthavady, Wayanad, Kerala. Fortunately, the family was not home during the attack, and authorities have promised assistance and rebuilding.