വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിനെതിരെ ഗുരുതര ആരോപണം. പ്രസവവേദനയുമായെത്തിയ പൂർണ ഗർഭിണിയെ  മൂത്രത്തിൽ പഴുപ്പാണെന്ന് പറഞ്ഞ്  മടക്കി അയച്ചെന്നാണ് ‌ പരാതി. ഇതേ യുവതി അതേദിവസം വൈകിട്ട് സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചു. 

കഴിഞ്ഞ 13ന്  രാവിലെയാണ് ഓൾഡ് വൈത്തിരി സ്വദേശിനിയായ ഹുദാ ഷെറിൻ  പ്രസവവേദനയെ തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തുന്നത്. ഒൻപത് മാസമായി ഇവിടെത്തന്നെയാ‌യിരുന്നു ചികില്‍സയും . എന്നാൽ പരിശോധന നടത്തിയ ഗൈനക്കോളജി വിഭാഗം ഡോക്ടർ,  മൂന്ന് മാസമായ ഗര്‍ഭിണിയുടെ വയറുപോലെയാണുള്ളതെന്നും വേദന മൂത്രത്തിലെ അണുബാധ കാരണമാണെന്നും പറഞ്ഞ് തിരിച്ചയച്ചെന്ന് പരാതിക്കാരി. 

താലൂക്ക് ആശുപത്രിയിൽ നിന്ന് മടങ്ങിയ ശേഷം വേദന അസഹനീയമായതോടെ യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ പ്രസവസമയമായെന്ന് കണ്ടെത്തുകയും അന്നുതന്നെ വൈകിട്ട് യുവതി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കൃത്യസമയത്ത് വാഹനം ലഭിച്ചില്ലായിരുന്നെങ്കിൽ വഴിയിൽ പ്രസവം നടക്കുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.ഇതേ ഡോക്ടർക്കെതിരെ സമാന ആരോപണവുമായി മറ്റ് ചില രോഗികളും രംഗത്തെത്തിയിട്ടുണ്ട്. എട്ടാം മാസം എത്തിയപ്പോൾ താലൂക്ക് ആശുപത്രിയിൽ ചികിത്സിക്കാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ ഡോക്ടർ നിർദേശിച്ചതായി അയൽവാസികളായ ദമ്പതികളും വ്യക്തമാക്കുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. പരാതി ലഭിച്ചാൽ അന്വേഷണത്തിന് തയാറാണെന്ന്  ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

Wayanad Vaithiri Taluk Hospital is facing serious allegations from its gynecology department after a fully pregnant woman in labor was allegedly turned away, being told she had a urine infection. She subsequently delivered a baby at a private hospital on the same day.