റോഡിനായി കാത്തിരുന്ന് ഒടുവിൽ ജീവൻ തന്നെ പാതിവഴിയിൽ പൊലിഞ്ഞുപോകുന്ന മനുഷ്യരുടെ കഥയുണ്ട് വയനാട് നൂൽപ്പുഴയിൽ. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലെത്തിക്കാൻ വാഹന സൗകര്യമില്ലാതെ മരണം സംഭവിക്കുകയും, ഒടുവിൽ ആ മൃതദേഹം ചേറുമണ്ണിലൂടെ ചുമക്കേണ്ടിവരികയും ചെയ്ത കോളൂർ മുറിയൻകുന്ന് ഊരുവാസികളുടെ ദുരിതജീവിതം.
കഴിഞ്ഞ ദിവസം കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ച ഊരുവാസിയുടെ മൃതദേഹം വയലിലൂടെ ചുമന്നാണ് ഉറ്റവർ വീട്ടിലെത്തിച്ചത്. അടിയന്തര ഘട്ടങ്ങളിൽ ഒരു വാഹനം പോലും കടന്നുവരാത്ത ഈ മണ്ണിൽ ഇനിയുമെത്ര ജീവനുകൾ പാതിവഴിയിൽ പൊലിയണമെന്നാണ് ഇവരുടെ ചോദ്യം. നൂൽപ്പുഴ പഞ്ചായത്തിലെ കോളൂർ കളപ്പുര, മുറിയൻകുന്ന് ഊരുകളിലെ 13 കുടുംബങ്ങളുടെ ദൈനംദിന ജീവിതം ഇന്നും ദുരിതക്കയത്തിലാണ്.
വാഹനങ്ങൾ എത്തുന്ന പ്രധാന റോഡിലേക്ക് കടക്കാൻ ഇവർക്ക് മുന്നിൽ സഞ്ചാര യോഗ്യമായ ഒരു വഴിയുമില്ല. ചികിത്സ തേടാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും വനപാതകളും ചെളിനിറഞ്ഞ വരമ്പുകളും മാത്രമാണ് ആശ്രയം. എന്നാൽ ഊരുവാസികൾ ആവശ്യപ്പെടുന്ന പാത സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെയായതിനാൽ ഭൂമി വിട്ടുകിട്ടാൻ തടസമുണ്ടെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.
വാഗ്ദാനങ്ങളുടെ നൂലാമാലകളിൽ കുരുങ്ങാതെ, തങ്ങളുടെ ജീവനും ജീവിതത്തിനും വഴിതുറക്കാൻ അധികാരികൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ മനുഷ്യർ.