കനത്ത മഴയെപ്പോലും തോൽപ്പിച്ച്, ഒരു നാട് മുഴുവൻ ഒത്തൊരുമിച്ച് തീർത്തത് 25,000 ചതുരശ്രയടി വിസ്തൃതിയിലുള്ള പൂക്കളം. വയനാട് ഇരുളത്താണ് പൂക്കളം തീർത്തിരിക്കുന്നത്. കാട്ടാന 'മണിയന്റെ' ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചാണ് ഈ പുഷ്പ വിസ്മയം.
വയനാട് ഇരുളം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ഇപ്പോൾ ഒരു പുഷ്പസാഗരമാണ്. ചെണ്ടുമല്ലിയും വാടാമല്ലിയുമടക്കം പതിനായിരം കിലോയിലധികം പൂക്കൾ കൊണ്ട് തീർത്തത് 25,000 ചതുരശ്രയടി വിസ്തൃതിയുള്ള പടുകൂറ്റൻ പൂക്കളം.
ഈ മഹാപൂക്കളത്തിന് നടുവിൽ തലയെടുപ്പോടെ വിരിഞ്ഞുനിൽക്കുന്നത് ഇരുളത്തുകാരുടെ സ്വന്തം കാട്ടാനയായിരുന്ന 'മണിയന്റെ' രൂപമാണ്. നാടിന്റെ ഓർമ്മകളിൽ മായാതെ നിൽക്കുന്ന മണിയനോടുള്ള ആദരവാണ് ഈ വർണ്ണവിസ്മയം.
തുടക്കം മുതൽ തോരാമഴ വില്ലനായെത്തിയെങ്കിലും, നാട്ടുകാരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പ്രതിസന്ധികളെല്ലാം വഴിമാറി. കുരുന്നുകൾ മുതൽ വയോധികർ വരെ രാപ്പകലില്ലാതെ കൈകോർത്തപ്പോൾ പെയ്തിറങ്ങിയ മഴയെയും തോൽപ്പിച്ച് ഈ വസന്തം വിരിഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ പൂക്കളമെന്ന റെക്കോർഡിലേക്ക് കൂടിയാണ് ഇരുളം നടന്നുകയറുന്നത്. അതിജീവനത്തിന്റെയും സൗഹൃദത്തിന്റെയും ഈ പുഷ്പോത്സവം കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇരുളത്തേക്ക് ഒഴുകിയെത്തുന്നത്.