തിരുവോണത്തെ വരവേൽക്കാൻ തൃക്കാക്കര ക്ഷേത്രം ഒരുങ്ങി. ഉത്രാടദിനത്തിലെ പ്രധാന ചടങ്ങുകളിലും ഉത്രാടസദ്യയിലും പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രസന്നിധിയിലേക്ക് എത്തിയത്. ഓണത്തിന്റെ ഐതിഹ്യവും തൃക്കാക്കരയപ്പന്റെ മഹത്വവും ഓർമിപ്പിക്കുന്ന വിവിധ ചടങ്ങുകളോടെയാണ് ക്ഷേത്രത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായത്.
ഉത്രാടദിനത്തിൽ തൃക്കാക്കരയപ്പന് തിരുമുൽകാഴ്ച സമർപ്പിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. കേരളത്തിന്റെ തനത് ആചാരങ്ങളും പാരമ്പര്യങ്ങളും വിളിച്ചോതുന്ന ചടങ്ങുകൾക്ക് വലിയ ഭക്തജനപങ്കാളിത്തമാണ് ഉണ്ടായത്. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഒൻപത് ഗജവീരൻമാർ അണിനിരന്ന ശ്രീബലിയും നടന്നു. ചെണ്ടമേളവും ആനകളുടെ അകമ്പടിയും ക്ഷേത്രപരിസരത്തെ ഉത്സവാന്തരീക്ഷത്തിന് കൂടുതൽ മാറ്റുകൂട്ടി.
പതിനൊന്ന് മണിയോടെ ആരംഭിച്ച ഉത്രാടസദ്യയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തർ ഒരുമിച്ചിരുന്ന് ഓണസദ്യയിൽ പങ്കെടുത്തു. ഓണത്തിന്റെ ഐക്യവും സഹോദര്യവും വിളിച്ചോതുന്ന തരത്തിലായിരുന്നു സദ്യയുടെ ഒരുക്കങ്ങൾ. ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ സദ്യയിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
നാളെ തിരുവോണദിനത്തിൽ കൂടുതൽ വിപുലമായ ചടങ്ങുകളാണ് തൃക്കാക്കര ക്ഷേത്രത്തിൽ നടക്കുക. പകൽപ്പൂരം, പ്രത്യേക പൂജകൾ, രണ്ട് കൂട്ടം പ്രഥമൻ ഉൾപ്പെടുന്ന തിരുവോണസദ്യ എന്നിവ പ്രധാന ആകർഷണങ്ങളാകും. തിരുവോണദിനത്തിലും വലിയ ഭക്തജനത്തിരക്കാണ് ക്ഷേേത്രത്തിൽ പ്രതീക്ഷിക്കുന്നത്. മഹാബലിയുടെ ഓർമകളും തൃക്കാക്കരയപ്പന്റെ സങ്കൽപ്പവും ഒത്തുചേരുന്ന തൃക്കാക്കരയിലെ ഓണാഘോഷങ്ങൾ കേരളത്തിന്റെ പാരമ്പര്യ ഓണാചാരങ്ങളുടെ ശ്രദ്ധേയമായ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്.