പ്രായം കൂടുന്തോറും നര മാത്രം കയറുന്ന കാലത്ത് മല കയറുകയാണ് മാഴ്സ്. വെറും മലയല്ല. യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ്. അതും 74-ാം വയസിൽ. കാലം ചുളിവ് വീഴ്ത്താത്ത മനസും പ്രായമെന്ന വെറും അക്കങ്ങളും കൊണ്ട് മഞ്ഞുമലയിൽ വയനാടൻ പെരുമ കുറിക്കുകയാണ് കാവുമന്ദം സ്വദേശി ടി.ജെ. മാഴ്സ്.
ആഗ്രഹങ്ങൾക്ക് അതിരുകളില്ലെന്നും ഉള്ളിലെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചാൽ ഏത് മഞ്ഞുമലയും കീഴടക്കാമെന്നും പുതുതലമുറയെ ഓർമ്മിപ്പിക്കുകയാണ് ഈ 74 കാരൻ. മൈനസ് 20 ഡിഗ്രി കൊടും തണുപ്പും മണിക്കൂറിൽ 65 കി.മീ വേഗത്തിൽ ആഞ്ഞടിച്ച ഹിമക്കാറ്റും വകഞ്ഞുമാറ്റി യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി. ഇതോടെ, ഈ പർവതം കീഴടക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോർഡും മാഴ്സ് സ്വന്തമാക്കി.
കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച് നിലവിൽ കാവുമന്ദത്ത് മലഞ്ചരക്ക് വ്യാപാരം നടത്തുന്ന മാഴ്സ്, വയനാട്ടിലെ 'ബൂട്ട് പാത്സ്' എന്ന ട്രക്കിങ് കൂട്ടായ്മയിലെ ആറംഗ സംഘത്തോടൊപ്പമാണ് റഷ്യയിലെ ഹിമമല കയറിയത്. സംഘത്തിലെ 66കാരനായ മുരളീധരനും ഇതേ ആവേശത്തോടെ യാത്ര പൂർത്തിയാക്കി വിജയക്കൊടി നാട്ടി.സ്കൂൾ കാലത്ത് ബാണാസുര മല കയറി തുടങ്ങിയ കമ്പം പിന്നീട് എവറസ്റ്റ് ബേസ് ക്യാമ്പും കിളിമഞ്ചാരോയും കടന്ന് ഇപ്പോൾ യൂറോപ്പിന്റെ നെറുകയിലുമെത്തി നിൽക്കുന്നു.