ഓണം തല്ലിയാഘോഷിക്കുന്ന ഒരു നാടുണ്ട്. പാലക്കാട്ടെ പല്ലശ്ശന. നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള പോര്‍വിളികളുടെ ചരിത്രം ഓര്‍മിപ്പിച്ചാണ് ഓണത്തല്ലും അവിട്ടത്തല്ലും. പരമ്പരാഗത ആചാരങ്ങളോടെ യോദ്ധാക്കള്‍ അണിനിരന്ന അവിട്ടത്തല്ല് ഇക്കുറിയും ആവേശം നിറയ്ക്കുന്ന കാഴ്ചയായി. ദേശദൈവങ്ങളെ വണങ്ങി കച്ചകെട്ടി, ഭസ്മം അണിഞ്ഞ് യോദ്ധാക്കള്‍ തല്ലിന് ഇറങ്ങുന്നതിന്‍റെ ആദ്യപടിയായ നിരയോട്ടമാണിത്. യുദ്ധസമാനം. തിരുവോണ ദിനത്തിലെ ഓണത്തല്ലിന് പിന്നാലെ പല്ലശനക്കാരുടെ ആഘോഷമായ അവിട്ടത്തല്ലിന്‍റെ തുടക്കം. നായര്‍ സമുദായത്തിന്‍റെ നേതൃത്വത്തില്‍ വേട്ടയ്ക്കൊരു മകന്‍ ക്ഷേത്ര പരിസരത്താണ് ഈ തല്ലുപിടി.

ഇരു ദേശങ്ങളില്‍ നിന്നും സമാന ശരീരപ്രകൃതമുള്ളവര്‍ ജോഡിയായി മുന്നോട്ടുവരും. ഇവരില്‍ ഒരാള്‍ കൈകള്‍ ഉയര്‍ത്തി കോര്‍ത്തുപിടിച്ചുകൊണ്ട് പുറംതിരിഞ്ഞ് നില്‍ക്കും. മറുചേരിയില്‍ ഉള്ളയാള്‍ ഇയാളുടെ പുറത്ത് ആഞ്ഞ് തല്ലും. തല്ലുകൊണ്ടയാള്‍ പിന്നീട് തിരിച്ചടിക്കും. തല്ല് കഴിയുമ്പോള്‍ ധൂയ്.. ധൂയ് വിളികള്‍ ഉയരും. പല്ലശ്ശന നാട്ടുരാജാവായിരുന്ന കുറൂര്‍ നമ്പിടിയെ യുദ്ധത്തില്‍ ചതിച്ചുകൊന്ന അയല്‍രാജാവായ കുതിരവട്ടത്ത് നായര്‍ക്ക് എതിരെ ദേശക്കാര്‍ പോര്‍വിളിച്ച ചരിത്രത്തിന്‍റെ പുനരാവിഷ്കാരമാണ് അവിട്ടത്തല്ല്

യോദ്ധാക്കളുടെ മെയ്യഭ്യാസ പ്രകടനമായ വള്ളിച്ചാട്ടമാണ് അടുത്ത ചടങ്ങ്. കിഴക്ക്– പടിഞ്ഞാറുമുറി ദേശക്കാരെ സാക്ഷിയാക്കി അവരുടെ ആവേശത്തിനൊപ്പം തല്ല് പിടിക്കുമ്പോള്‍ യോദ്ധാക്കളുടെ പ്രായമൊന്നും പ്രശ്നമാകാറില്ല. പടയോട്ടവും പോര്‍വിളിയും നടന്ന ഒരു നാടിന്‍റെ ഓര്‍മകളാണ് ഈ ഓണക്കാലത്ത് വീണ്ടും പുതുക്കുന്നത്. കുളം ചാട്ടം കഴിഞ്ഞാന്‍ തിരിച്ച് ക്ഷേത്തിലെത്തി നേര്‍ച്ച അര്‍പ്പിച്ച ശേഷം യോദ്ധാക്കള്‍ ഉപചാരം ചൊല്ലി പിരിയും. ഇനി അടുത്ത ഓണത്തിന് കാണാമെന്ന വാക്കുമായി.

ENGLISH SUMMARY:

Pallassana's Avittathallu is a unique Onam celebration re-enacting historical battles with traditional wrestling. This ancient custom, involving choreographed fights and warrior rituals, takes place in Palakkad, Kerala, during the Onam festival.