ഓണാഘോഷത്തിന് ഓളം പകരാന്‍ തിരുവനന്തപുരം കനകക്കുന്നിലേക്ക് പോന്നോളൂ. വിനോദസഞ്ചാര വകുപ്പിന്‍റെ ഓണം ടൂറിസം വാരാഘോഷം കലാപരിപാടികളും വിപണനമേളയും ഫുഡ് കോര്‍ട്ടുമൊക്കെയായി കളറാണ്. വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാനാണ് മേളയ്ക്കെത്തുന്നവരുടെ പ്രധാന താല്‍പര്യം.

തിരുവനന്തപുരത്തിന്‍റെ നഗരഹൃദയം ഓണാഘോഷത്തിമര്‍പ്പിലാണ്. പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടികളും നഗരത്തില്‍ നിരന്ന ലൈറ്റുകളും പകരുന്ന വൈബിനൊപ്പം ആകര്‍ഷകമാകുകയാണ് വിപണനമേള. രുചിവൈവിധ്യം പരീക്ഷിക്കാന്‍ പ്രായഭേദമന്യേ ആളുകളുടെ ഒഴുക്ക്. ഹല്‍വയാണ് ഫുഡ് സ്റ്റാളുകളിലെ താരം. പല നിറത്തിലും പല സ്വാദിലുമുള്ള ഹല്‍വകള്‍. രുചിച്ചുനോക്കാനും വാങ്ങാനും വന്‍തിരക്ക്.

പഴയകാലത്തെ മിഠായി മധുരം കാണുമ്പോള്‍ ആദ്യം കണ്ണുടക്കുന്നത് മാതാപിതാക്കളുടേതാണ്. വിസ്‍മൃതിയിലായ കാലത്തെ തിരിച്ചുവിളിച്ച് ഒന്നുനുണയാന്‍ ഒരുപൊതി വാങ്ങാതെങ്ങനെ കടന്നുപോകും. അച്ചാറുകളില്‍ വെറൈറ്റി പരീക്ഷിക്കാനാണ് താല്‍പര്യം. സദ്യയുടെ പായസമധുരം നുണഞ്ഞ നാവുകളില്‍ ഇച്ചിരി എരിവും പുളിയും. രുചിയറിഞ്ഞവരുടെ മനമറിഞ്ഞ് മാങ്ങയും നെല്ലിക്കയും വെളുത്തുള്ളിയുമൊക്കെ പൊതികളില്‍ നിറയുന്നു. 

കുഞ്ഞുനാവുകള്‍ക്ക് പ്രിയം ഐസ്ക്രീമുകളോടാണ്. നടന്നുക്ഷീണിച്ച കാലുകള്‍ക്ക് തെല്ലൊരാശ്വാസം പകരുന്ന കുളിര്‍മ. ഒരു കൈയ്യില്‍ മധുരവും മറുകയ്യില്‍ അച്ചന്‍റെയോ അമ്മയുടെയോ കൈകളും ചേര്‍ത്ത് പിടിച്ച് കാഴ്ചകള്‍ തേടുന്നതിലെ അത്ഭുതം.  ഓണം ഒരുമയുടേതാണ്. കുഞ്ഞുകുഞ്ഞുയാത്രകളിലൂടെ ഇഴയടുപ്പം കൂട്ടുന്ന കുടുംബങ്ങള്‍ക്ക് ഈ വിപണനമേള പരസ്പരം ചേര്‍ത്തുപിടിക്കാനുള്ളതും. 

ENGLISH SUMMARY:

Onam celebrations in Thiruvananthapuram are vibrant with the tourism department's Onam Tourism Week festival at Kanakakkunnu Palace. This festival offers a colorful array of cultural programs, a marketing fair, and a food court, with visitors particularly interested in trying diverse culinary delights.