ട്രെയിനുകളിൽ ഭിന്നശേഷി വിഭാഗത്തിനായി പ്രത്യേക കോച്ചുകളുണ്ടെങ്കിലും അവ ബാലികേറാമലകളാണ്. വീൽചെയറിനെ മാത്രം ആശ്രയിക്കുന്നവർക്ക് ട്രെയിൻ യാത്രകൾ ഒരു സ്വപ്നം മാത്രം. തൃശൂർ കല്ലേറ്റുങ്കരയിലെ രണ്ട് ഭിന്നശേഷി വിദ്യാർഥികൾ ട്രെയിനിൽ റാംമ്പ് ഘടിപ്പിച്ച് ഒരു യാത്ര പോയി.
ഉറ്റ സുഹൃത്തുക്കളാണ് ശരത്തും അലിയും. കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിലെ വിദ്യാർഥികൾ . പേശികളെ ബാധിക്കുന്ന രോഗവും സെറിബ്രൽ പാൾസിയും കാരണം വീൽച്ചെയറില്ലാതെ ഇവർക്ക് ഒരടി നീങ്ങാനാവില്ല. നാലു മാസം മുൻപാണ് ട്രെയിനിൽ യാത്ര ചെയ്യണമെന്ന ആഗ്രഹം ശരത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ചിത്രയോട് പറഞ്ഞത്. പിള്ളേരുടെ ആഗ്രഹം സഫലമാക്കാൻ അവർ ഇറങ്ങിത്തിരിച്ചപ്പോൾ വഴിയിൽ തടസ്സങ്ങൾ പലതായിരുന്നു. ഉദ്യോഗസ്ഥരുടെ അനുമതി, റാമ്പിന്റെ അഭാവം, പോർട്ടർമാരുടെ കുറവ്, ആ പട്ടിക അങ്ങനെ നീണ്ടു. ഒടുവിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ സഹായവുമായെത്തി.
രാവിലെ 7.25-നുള്ള എറണാകുളം–ഗുരുവായൂർ പാസഞ്ചറിലെ ഭിന്നശേഷി കോച്ചിലാണ് യാത്ര ചെയ്തത്. മടക്കിവയ്ക്കാവുന്ന റാമ്പ് വാതിലിൽ ഉറപ്പിച്ച് ശരത്തും അലിയും സ്വന്തം വീൽച്ചെയർ ഓടിച്ച് ട്രെയിനിൽ കയറി. ഗുരുവായൂരിലെത്തിയ സംഘം ക്ഷേത്രനഗരി ചുറ്റിക്കണ്ടു, തിരിച്ചുമടങ്ങി.
അവരുടെ സ്വപ്നം സാധ്യമായി. പക്ഷേ ഒരു ചോദ്യം ബാക്കി. ഭിന്നശേഷിക്കാർക്ക് ഒരു ട്രെയിൻയാത്രയ്ക്ക് ഇത്രയും പരിശ്രമം വേണോ? എല്ലാ ട്രെയിനിലും ഡിസെബിലിറ്റി കോച്ചും എല്ലാ സ്റ്റേഷനിലും പോർട്ടബിൾ റാമ്പുമുണ്ടെങ്കിൽ യാത്രകൾ ഇവർക്കൊരു അത്ഭുതമായി തോന്നില്ല