ഒരു മണിക്കൂറിനിടെ പെയ്ത പെരുമഴയിൽ വെള്ളത്തിനടിയിലായി തിരുവനന്തപുരം നഗരം. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒൻപത് സെന്റിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. കനത്ത മഴയെ തുടർന്ന് തമ്പാനൂരിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
തമ്പാനൂർ എസ്.എസ്. കോവിൽ റോഡിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ചില വാഹനങ്ങൾ വെള്ളത്തിന്റെ ഒഴുക്കിൽ മറിഞ്ഞുവീണു. ഇതോടെ റോഡ് ഗതാഗതവും പൂർണമായി തടസ്സപ്പെട്ടു. Also Read: ബോക്സ് ഓഫീസ് കീഴടക്കി 'രാമായണ'; അമിത് ഷായെ കാണാൻ താരനിര, ചിത്രങ്ങൾ വൈറൽ
പ്രദേശത്തെ കടകളിലും കോച്ചിങ് സെന്ററുകളിലും ഓഫീസുകളിലും വെള്ളം കയറി. എസ്.എസ്. കോവിൽ റോഡിലെ ആയുർവേദ മെഡിക്കൽ സ്റ്റോറിലും ഡ്രെയിനേജ് വെള്ളം ഇരച്ചുകയറി. ഇതോടെ ജീവനക്കാർക്കും ഡോക്ടർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി.
ഓടകൾ വൃത്തിയാക്കുകയും റയിൽവേയുടെ ഭാഗത്തുനിന്ന് മാലിന്യനീക്കം നടത്തുകയും ചെയ്തിട്ടും ഒറ്റ മണിക്കൂറിലെ മഴയിൽ നഗരം വെള്ളക്കെട്ടിലായത് ജനങ്ങളെ ദുരിതത്തിലാക്കി. ചെറിയ സമയത്തിനുള്ളിൽ പെയ്ത അതിശക്തമായ മഴ തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന്റെ രൂക്ഷത വീണ്ടും തുറന്നുകാട്ടി.