Image: facebook.com/amitshahofficial

Image: facebook.com/amitshahofficial

ബോക്സ് ഓഫീസിൽ ചരിത്രവിജയവുമായി മുന്നേറുകയാണ് നിതേഷ് തിവാരിയുടെ രാമായണ. നവംബർ 5ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ആഗോള ബോക്സ് ഓഫീസിൽ 1,755.60 കോടി രൂപയിലധികം നേടിക്കഴിഞ്ഞു. ഇന്ത്യയിലെ നെറ്റ് കളക്ഷനാകട്ടെ 1,000 കോടി രൂപയിലേക്ക് അടുക്കുകയാണ്. ഈ വിജയത്തിനിടയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകരും.

ramayana-movie-team-meets-amit-shah

Image: facebook.com/amitshahofficial

രൺബീർ കപൂർ, സായ് പല്ലവി, സംവിധായകൻ നിതേഷ് തിവാരി, നിർമ്മാതാവ് നമിത് മൽഹോത്ര എന്നിവരാണ് ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ 'വേൾഡ് ഓഫ് രാമായണ'യുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അമിത് ഷായും തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

‘ഇന്ത്യയും ലോകമെമ്പാടുമുള്ള പ്രേക്ഷകരും വലിയ സ്നേഹത്തോടെ ചിത്രത്തെ നെഞ്ചിലേറ്റിയിരിക്കുകയാണ്. ഈ വേളയിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിക്കാൻ സാധിച്ചതിൽ ഞങ്ങള്‍‌ക്ക് ഏറെ അഭിമാനമുണ്ട്’– ചിത്രങ്ങള്‍ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു. ചിത്രത്തിന്‍റെ നിർമ്മാതാവ് നമിത് മൽഹോത്ര അമിത് ഷായ്ക്ക് പൂച്ചെണ്ട് നൽകുകയും സംവിധായകൻ നിതേഷ് തിവാരി ഷാൾ അണിയിച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

ലളിതം, സുന്ദരം സായ്; ക്ലാസിക് ലുക്കില്‍ രണ്‍ബീര്‍

കൂടിക്കാഴ്ചയിൽ സായ് പല്ലവിയുടെയും രണ്‍ബീര്‍ കപൂറിന്‍റെയും പ്രൗഢമായ വസ്ത്രധാരണവും നെറ്റിസണ്‍സിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. പച്ച ബോർഡറുള്ള ഫ്ലെമിംഗോ-പിങ്ക് നിറത്തിലുള്ള സാരിയാണ് സായ് ധരിച്ചിരുന്നത്. സ്വർണ്ണ വളകളും പരമ്പരാഗത ടെമ്പിൾ ജ്വല്ലറി വിഭാഗത്തിൽപ്പെടുന്ന മാലയും കമ്മലുമായിരുന്നു ആഭരണങ്ങൾ. മിനിമൽ മേക്കപ്പും ന്യൂഡ്-പിങ്ക് ലിപ്സ്റ്റിക്കും സൈഡ്-പാർട്ട് ചെയ്ത ചുരുണ്ട മുടിയും താരത്തിന് കൂടുതൽ മിഴിവേകി. അതേസമയം, ബന്ദ്ഗാല സ്യൂട്ടിലാണ് രൺബീർ കപൂർ എത്തിയത്. അതിനിണങ്ങുന്ന പാന്റ്സും ബ്രൗൺ ഷൂസും, പോക്കറ്റിൽ ചുവന്ന തൂവാലയും കണ്ണടയും വാച്ചുമണിഞ്ഞ് ക്ലാസിക് ലുക്കിലാണ് താരം എത്തിയത്. ALSO READ: 'രാമായണം' ബോക്സ് ഓഫിസിൽ പരാജയമോ?; കണക്കുകള്‍ പറയുന്നതിങ്ങനെ!

ramayana-team-meets-amit-shah-delhi

Image: facebook.com/amitshahofficial

നേരത്തേ, ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ഗുരുദ്വാര ബംഗ്ലാ സാഹിബിൽ എത്തി രാമായണ ടീം പ്രാർഥന നടത്തിയിരുന്നു. രൺബീർ കപൂർ, നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി എന്നിവരാണ് ഗുരുദ്വാര ബംഗ്ലാ സാഹിബിലെത്തിയത്. 

റെക്കോർഡുകൾ തകർത്ത് 'രാമായണ'

ഇതിനകം ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 1,500 കോടി രൂപ നേടുന്ന ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് 'രാമായണ' സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാം വാരാന്ത്യ കളക്ഷനും (196 കോടി രൂപ) ചിത്രം നേടിയിട്ടുണ്ട്. ബുക്ക് മൈ ഷോയിൽ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ (16.60 ലക്ഷം) വിറ്റഴിച്ച റെക്കോർഡും 'രാമായണ'യുടെ പേരിലാണ്. 'അനിമൽ' എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കലക്ഷന്‍ മറികടന്നതോടെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രൺബീർ കപൂർ ചിത്രവുമായി 'രാമായണം' മാറിയിട്ടുണ്ട്. 4,000 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ 'രാമായണം', ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്വപ്നപദ്ധതിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ALSO READ: 'സീതയായി സായ് പല്ലവി പോരാ'; യഷിന്‍റെ രാവണ കഥാപാത്രത്തിന് പൂര്‍ണതയില്ലെന്നും നടി തനിഷ മുഖർജി

രൺബീർ കപൂർ (രാമൻ), സായ് പല്ലവി (സീത) എന്നിവർക്ക് പുറമെ യാഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ), കാജൽ അഗർവാൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028 ദീപാവലിക്ക് തിയറ്ററുകളിലെത്തും.

ENGLISH SUMMARY:

Following Ramayana's massive Rs 1,755 crore global box office success, Ranbir Kapoor, Sai Pallavi, Nitesh Tiwari, and Namit Malhotra met Amit Shah in Delhi.