bathery

ബത്തേരി നഗരസഭയുടെ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിയെ ചൊല്ലി രാഷ്ട്രീയ പോര്. മുൻ എൽഡിഎഫ് ഭരണസമിതി ഗ്ലോബൽ വെഞ്ച്വർ കമ്പനിയുമായി ഒപ്പിട്ട കരാർ നിലവിലെ യുഡിഎഫ് ഭരണസമിതി പൊടുന്നനെ റദ്ദാക്കിയതാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

കഴിഞ്ഞ ഭരണസമിതിയുടെ അവസാന കാലത്താണ് 75 കോടി രൂപ ചെലവിൽ ഡിബിഒടി അടിസ്ഥാനത്തിൽ ബത്തേരിയിൽ ആധുനിക ബസ് ടെർമിനലും ഷോപ്പിംഗ്  കോംപ്ലക്സും നിർമിക്കാൻ ഗ്ലോബൽ വെഞ്ച്വർ എന്ന കമ്പനിയുമായി കരാറൊപ്പിട്ടത്. എന്നാൽ യുഡിഎഫ് ഭരണ സമിതി അധികാരമേറ്റതിന് പിന്നാലെ പദ്ധതി റദ്ദാക്കി. സംഭവം വിവാദമായതോടെ പദ്ധതിയിൽ ക്രമക്കേടുകൾ ഉണ്ടെന്നും സർക്കാർ അനുമതിയില്ലാതെയാണ് ടെൻഡർ പൂർത്തിയാക്കിയതെന്നും യുഡിഎഫ് ആരോപിച്ചു. 

നഗരസഭയുടെ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച കരാർ കമ്പനി സ്റ്റേ വാങ്ങി. എല്ലാ വ്യവസ്ഥകളും പാലിച്ചാണ് കരാറുണ്ടാക്കിയതെന്നും റദ്ദാക്കിയതിന് പിന്നിൽ മറ്റ് ചില താൽപര്യങ്ങളാണെന്നും എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.

കരാർ റദ്ദാക്കിയതിനെതിരെ പ്രക്ഷോഭം തുടങ്ങാനാണ് എൽഡിഎഫ് തീരുമാനം. വികസന പദ്ധതികൾ അട്ടിമറിക്കാൻ നഗരസഭ കൂട്ടുനിൽക്കരുതെന്ന് ആവശ്യപ്പെട്ട് ബത്തേരിയിലെ വ്യാപാരികളും രംഗത്തെത്തി. 

ENGLISH SUMMARY:

The Sulthan Bathery municipality's bus terminal and shopping complex project has sparked a political battle. The current UDF administration abruptly canceled a contract signed by the previous LDF government with Global Venture company, leading to major controversies.