വയനാട് മാനന്തവാടിയിൽ സർക്കാർ ഓഫീസുകളിലും മെഡിക്കൽ കോളജിലും എത്തുന്നവർ കടുത്ത ദുരിതത്തിൽ. മാനന്തവാടി മെഡിക്കൽ കോളജിലെയും മിനി സിവിൽ സ്റ്റേഷനിലെയും ലിഫ്റ്റുകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ലിഫ്റ്റുകൾ നിര്‍ജീവമാണ്. മാനന്തവാടി മെഡിക്കൽ കോളജിലെ അടിയന്തര വിഭാഗത്തിലും പ്രസവ വാർഡിലും എത്തുന്ന രോഗികളോട് അധികൃതർ പറയാതെ പറയുന്നത് ഒന്നേയുള്ളൂ. 'ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ, അതുകൊണ്ട് സ്റ്റെപ്പുകൾ കയറൂ!'
ഐ.സി.യുവിൽ കിടക്കുന്ന രോഗിയെ സി.ടി സ്കാനിന് കൊണ്ടുപോകണമെങ്കിലും, പ്രസവിച്ചു കിടക്കുന്ന അമ്മമാർക്ക് കുഞ്ഞുമായി താഴേക്കിറങ്ങണമെങ്കിലും സ്റ്റെപ്പുകൾ തന്നെ ശരണം. ലിഫ്റ്റ് നന്നാക്കാൻ പലവട്ടം ആളെ വിളിച്ചെങ്കിലും, ലിഫ്റ്റിനും രോഗികൾക്കും ഒരുപോലെ 'വിശ്രമം' വേണമെന്ന നിലപാടിലാണ് അധികൃതർ!
ഇനി തൊട്ടടുത്തുള്ള മിനി സിവിൽ സ്റ്റേഷനിലേക്ക് എത്തിയാലും ഇതേ അവസ്ഥയാണ്. സപ്ലൈ ഓഫീസും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമടക്കം 17 ഓഫീസുകളുള്ള നാലു നില കെട്ടിടത്തിലെ ലിഫ്റ്റും കഴിഞ്ഞ നാലു മാസമായി 'പണിമുടക്കിലാണ്'. ഇവിടെ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരായ ജീവനക്കാരും വയോധികരും സ്റ്റെപ്പുകളിലൂടെ വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത് . കലക്ടർക്കും മനുഷ്യാവകാശ കമ്മീഷനും വരെ പരാതി നൽകി ജനങ്ങൾ തളർന്നെങ്കിലും, ലിഫ്റ്റ് മാത്രം 'ഞാൻ അനങ്ങില്ല' എന്ന് ഉറപ്പിച്ചു നിൽക്കുകയാണ്.
'ഭിന്നശേഷി സൗഹൃദം' എന്ന് വലിയ അക്ഷരത്തിൽ ബോർഡ് വെച്ച കെട്ടിടത്തിന് മുന്നിൽ, ജനങ്ങളെക്കൊണ്ട് കഠിന വ്യായാമം ചെയ്യിക്കുന്ന അധികൃതരുടെ ഈ 'വികസന മോഡൽ' സൂപ്പർ തരംഗമായിട്ടുണ്ട്. ഇനി രോഗവും സഹിച്ചു സ്റ്റെപ്പുകൾ കയറി ആരോഗ്യം കൂട്ടുകയല്ലാതെ വയനാട്ടുകാർക്ക് വേറെ വഴിയില്ല!