വയനാട് പുത്തുമല ദുരന്തമുണ്ടായി ഏഴുവര്‍ഷം പിന്നിടുമ്പോള്‍ ദുരന്തബാധിതര്‍ പ്രതിഷേധത്തില്‍. പുനരധിവാസ പദ്ധതി പ്രകാരം കിട്ടിയ വീടുകളുടെ ചോർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതര്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു.
വർഷം ഏഴ് കഴിയുമ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യേണ്ട സ്ഥിതിയിലാണ് ദുരന്തബാധിതര്‍. പുത്തുമല ദുരന്തത്തെ അതിജീവിച്ച 49 കുടുംബങ്ങളെയാണ് മേപ്പാടി പൂത്തക്കൊല്ലിയിലൽ പുനരധിവസിപ്പിച്ചത്. 6.5 ലക്ഷം രൂപ ചെലവഴിച്ച് സർക്കാരും സന്നദ്ധ സംഘടനകളും ചേർന്ന് നിർമ്മിച്ചു നൽകിയ ഈ വീടുകൾ ചെറിയൊരു മഴ പെയ്യുമ്പോൾ തന്നെ ചോർന്നൊലിക്കുകയാണ്.
മേൽക്കൂര നിർമ്മാണത്തിലുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് കാരണം. വീടിനുള്ളിലേക്ക് വീഴുന്ന വെള്ളം പാത്രങ്ങള്‍ ഉപയോഗിച്ച് കോരികളയേണ്ട അവസ്ഥയാണ്. അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. 17 ജീവനുകളാണ് പുത്തുമല ദുരന്തത്തില്‍ നഷ്ടമായത്. 5 പേരെ ഇന്നും കണ്ടെത്താനായിട്ടില്ല.