വീണ്ടും കടുവയെ കണ്ടതോടെ, വയനാട് അരിമുള, ഒരപ്പുവയൽ പ്രദേശം കടുവാ ഭീതിയിലായി. കഴിഞ്ഞ ദിവസങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ടായെങ്കിലും തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
മീനങ്ങാടി ഒരപ്പുവയലിൽ പാട്ടത്തിന് സ്ഥലമെടുത്ത് വാഴക്കൃഷി ചെയ്യുന്ന സുരേഷാണ് കടുവയെ ആദ്യം കണ്ടത്. തുടര്‍ന്ന് പ്രദേശത്ത് പലയിടത്തും കടുവയുടെ കാൽപാടുകളും കണ്ടെത്തി. തിങ്കളാഴ്ച രാത്രിയിലെ മഴയില്‍ കടുവ അരിമുള റോഡ് മുറിച്ച് കടന്ന് പോയതിന്‍റെ കാൽപാടുകൾ റോഡിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്.
ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പരിശോധനയില്‍ കടുവയാണെന്ന് സ്ഥിരീകരിച്ചു.ഇന്നലെ തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഈ സംഭവവികാസങ്ങള്‍ ഒക്കെയുണ്ടായിട്ടും പഞ്ചായത്ത് യാതെരുവിധ മുന്നറിയിപ്പും നല്‍കുന്നില്ലെന്ന് നാട്ടുകാര്‍.
നിരവധി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്ത് കടുവയെ കണ്ടതോടെ വലിയ ഭീതിയിലാണ് പ്രദേശവാസികള്‍. കൂട് സ്ഥാപിച്ച് കടുവയെ ഉടന്‍ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.