tribal-japthy-notice

TOPICS COVERED

വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് താമസിക്കുന്ന ഗോത്രവിഭാഗം കുടുംബങ്ങള്‍ ജപ്‌തി ഭീഷണിയില്‍. പോത്തുവളര്‍ത്തല്‍ പദ്ധതിക്കായി നല്‍കിയ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ലക്ഷങ്ങളുടെ റവന്യൂ റിക്കവറിക്കായി കേരള ബാങ്ക് ജപ്‍തി നോട്ടിസ് നല്‍കിയത്. ജീവിതചെലവിന് പോലും വകയില്ലാത്ത വടക്കനാട് കാട്ടുനായ്ക ഉന്നതിയിലെ കുടുംബങ്ങള്‍ ഇതോടെ പ്രതിസന്ധിയിലാണ്.

കേരള ബാങ്കില്‍ നിന്ന് വന്ന അഞ്ച് ലക്ഷത്തിന്‍റെ ജപ്തി നോട്ടിസാണ് വടക്കനാട് അമ്പതേക്കര്‍ കാട്ടുനായ്ക ഉന്നതിയിലെ മാച്ചിയുടെ കയ്യില്‍. ജപ്തി ചെലവ് അടക്കം വായ്പ തിരിച്ചടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിയെന്നാണ് മുന്നറിയിപ്പ്. കയറിക്കിടക്കാന്‍ നല്ലൊരു വീടോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത ഇവര്‍ ഇത് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ്. 2020–21 കാലത്ത് പോത്ത് പരിപാലന പദ്ധതിയുടെ ഭാഗമായി നല്‍കിയ വായ്പയാണ് കുടിശികയായത്. ഈ ഉന്നതിയിലെ ഓട്ടേറെ പേര്‍ ഈ വായ്പയില്‍ പോത്തുകളെ വാങ്ങിയെങ്കിലും ലാഭകരമായില്ല. പലതും ചത്തുപോയി. ചിലതിനെ കടുവ പിടിച്ചു. കൂലിപ്പണി പോലും ഇല്ലാത്ത ഇവര്‍ക്ക് ഈ തുക തിരിച്ചടയ്ക്കാന്‍ യാതൊരു നിര്‍വാഹവും ഇല്ല.

ഗോത്ര വിഭാഗത്തില്‍ പെട്ട അഞ്ച് കുടുംബങ്ങളെ വീതം, ഓരോ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിനും രണ്ട് പോത്തുകുട്ടികളെ നല്‍കുന്നതായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതിയില്‍ കൃത്യമായ മേല്‍നോട്ടനോ തിരിച്ചടവ് കൃത്യമാക്കാന്‍ പ്രവര്‍ത്തനങ്ങളോ ഉണ്ടായില്ലെന്നാണ് ആക്ഷേപം. പദ്ധതി മേല്‍നോട്ടത്തിലെ പിഴവിന് ഗോത്രവിഭാഗങ്ങളെ ഇരയാക്കരുത് എന്നാണ് ഉയരുന്ന വികാരം.