ankush

TOPICS COVERED

പ്രതീക്ഷകളുടെ അഞ്ചു നാളുകൾക്കൊടുവിൽ ഒരു കണ്ണീർയാത്ര. കള്ളാടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബിക്രം സിങ് റാണയുടെ മൃതദേഹവുമായി അനന്തരവൻ അങ്കുഷ് ഹിമാചലിലേക്ക് മടങ്ങി. വേദനയുടെ പെരുമഴയത്തും തങ്ങളെ ചേർത്തുപിടിച്ച കേരളത്തോടുള്ള നന്ദി അറിയിച്ചാണ് അങ്കുഷ് ചുരം ഇറങ്ങിയത്. 

ദുരന്തഭൂമിയിലെ ചെളിക്കെട്ടിലൂടെ പ്രതീക്ഷയോടെ നടന്ന ഈ കാലുകൾ ഒടുവിൽ തളർന്നു. മണ്ണിടിച്ചിൽ വാർത്തയറിഞ്ഞ് കഴിഞ്ഞ എട്ടാം തീയതിയാണ് അങ്കുഷ് ഹിമാചൽ പ്രദേശിൽ നിന്നും പാഞ്ഞെത്തിയത്. തന്റെ അമ്മാവൻ ബിക്രം സിങ് റാണയെ കണ്ടെത്താൻ കഴിഞ്ഞ അഞ്ചുദിവസമായി ഇവിടെ അവൻ വിശ്രമമില്ലാതെ അലയുകയായിരുന്നു. രക്ഷാപ്രവർത്തകർക്കും ജനപ്രതിനിധികൾക്കും ഇടയിൽ ഉത്തരങ്ങൾക്കായി ഓടിനടന്ന അങ്കുഷ് തീരാനൊമ്പരമായി മാറി.

ഹിമാചലുകാരനായ ബിക്രം സിങ് റാണ കഴിഞ്ഞ ആറു വർഷമായി ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിലെ ജീവനക്കാരനാണ്. കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതിയിലെ കൺസ്ട്രക്‌ഷൻ മാനേജരായി ഒന്നര വർഷം മുൻപാണ് അദ്ദേഹം ഇവിടെയെത്തിയത്. ദുരന്തത്തിന് തൊട്ടുമുൻപും ബിക്രം ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. സുഖവിവരങ്ങൾ പങ്കുവെച്ച ആ സംസാരം അവസാനിച്ചതിന് പിന്നാലെയാണ് ബിക്രമിനെ ദുരന്തം കവർന്നത്. ഒടുവിൽ അമ്മാവന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയപ്പോൾ, കണ്ണീരോടെയാണെങ്കിലും അങ്കുഷ് കേരളത്തോട് കൈകൂപ്പി.  കൂരിരുട്ട് വീണ ദുരന്തഭൂമിയിൽ നിന്നും, സങ്കടം ഉള്ളിലൊതുക്കി അങ്കുഷ് ഹിമാചലിലേക്ക് മടങ്ങി

ENGLISH SUMMARY:

The tragic journey of Ankush, nephew of Bikram Singh Rana, who lost his life in the Kalladi landslide, concludes with him returning to Himachal Pradesh with his uncle's body. Despite immense grief, Ankush expressed gratitude to Kerala for their support during this difficult time.