kalladi

TOPICS COVERED

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് വയനാട് ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽ. ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചതോടെ നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗമാണ് വഴിമുട്ടിയിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരംകണ്ടി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ എത്തുന്നില്ല. 

എട്ട് ജീവൻ കവർന്നെടുത്ത കള്ളാടി ദുരന്തത്തിൽ ഒലിച്ചുപോയത് കുറേ മനുഷ്യരുടെ അധ്വാനവും സ്വപ്നങ്ങളും കൂടിയാണ്. മുൻകാല ദുരന്തങ്ങൾക്കും ശേഷം പച്ചപിടിച്ചുവരികയായിരുന്ന മേപ്പാടി, വൈത്തിരി പഞ്ചായത്തുകളിലേതുൾപെടെയുള്ള ടൂറിസം കേന്ദ്രങ്ങളി‍ൽ ഈ ദുരന്തം വലിയ തിരിച്ചടിയായി. വയനാട്ടിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ '900 കണ്ടി' ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്ന് ആളനക്കമില്ല.

സഞ്ചാരികളുടെ വരവ് നിലച്ചതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് ഇവിടുത്തെ ജീപ്പ് ഡ്രൈവർമാരാണ്. വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഇരുന്നൂറോളം വരുന്ന ജീപ്പ് ഡ്രൈവർമാരുടെ കുടുംബങ്ങളാണ് ഇന്ന് പട്ടിണിയിലായിരിക്കുന്നത്.

ഒരു ദുരന്തത്തിന്‍റെ നടുക്കത്തിൽ നിന്ന് മെല്ലെ കരകയറി വരുമ്പോഴാണ് അപ്രതീക്ഷിതമായി വീണ്ടുമൊരു ദുരന്തം ഈ നാടിനെ തേടിയെത്തിയത്. എന്നാലും തകർന്നടിഞ്ഞ തങ്ങളുടെ ടൂറിസം മേഖല അധികം വൈകാതെ ഉണരുമെന്ന പ്രതീക്ഷയിൽ മാത്രമാണ് ഇവിടുത്തെ സാധാരണക്കാർ ഇന്ന് അന്തിയുറങ്ങുന്നത്.

ENGLISH SUMMARY:

Wayanad tourism is facing a severe crisis following the Kalladi landslide tragedy. The complete prohibition of entry into affected areas has jeopardized the livelihoods of hundreds, impacting key tourist spots like 900 Kandi and causing significant hardship for jeep drivers who depend on tourism.