tiger-attack-wayanad

TOPICS COVERED

കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് പുല്‍പ്പള്ളി ദേവര്‍ഗദ്ധ ഉന്നതിയിലെ മാരന്‍റെ മൃതദേഹം സംസ്കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് സമ്മതം നല്‍കുന്നതിന് മുന്‍പ് കുടുംബം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സഹായധനമായ ആറുലക്ഷം രൂപയുടെ ആദ്യഗഡു ഇന്ന് തന്നെ കൈമാറും.

പ്രതിഷേധം മുന്നില്‍കണ്ട് പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ, പോസ്റ്റുമോര്‍ട്ടത്തിന് സമ്മതം നല്‍കാതെ പ്രതിഷേധിച്ച കുടുംബത്തെ എ.ഡി.എം അടക്കമുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിയാണ് അനുനയിപ്പിച്ചത്. മാരന്‍റെ മകള്‍ക്ക് സ്ഥിരം ജോലി നല്‍കുന്നത് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് എഡിഎം ഉറപ്പുനല്‍കി.

ഇന്നലെ ഉച്ചയോടെ ആണ് വണ്ടിക്കടവ് വനാതിര്‍ത്തിയില്‍ വിറക് ശേഖരിക്കാന്‍ പോയ 65കാരനായ മാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. പ്രദേശത്ത് ക്യാമറ ട്രാപ്പുകള്‍ വച്ചെങ്കിലും ആക്രമിച്ച കടുവ ഏതെന്ന് ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.