വയനാട്ടില്‍ ഗോത്രവിഭാഗങ്ങളുടെ വീട് നിര്‍മാണം നിലച്ചതിനെ തുടര്‍ന്നുള്ള ദുരിതം പുറംലോകത്തെ അറിയിച്ച മനോരമ ന്യൂസ് വാര്‍ത്താ പരമ്പരക്ക് പിന്നാലെ നടപടി. വനഗ്രാമമായ പുല്‍പ്പള്ളി പള്ളിച്ചിറ ഉന്നതിയിലെ വീടുകളുടെ നിര്‍മാണത്തിന് രണ്ടാംഘട്ട ഗഡു അനുവദിച്ചു. മൂന്ന് വീടുകളുടെ മെയിന്‍ വാര്‍പ്പ് പൂര്‍ത്തിയായി.
മനോരമ ന്യൂസ്- ''ഇടമില്ലാത്തവര്‍'' പരമ്പര ഇംപാക്‌ടായാണ് ഒന്നരവര്‍ഷമായി മുടങ്ങിക്കിടന്ന വീട് പണി പുനരാരംഭിച്ചത്. രണ്ടാംഘട്ട ഗഡു ലഭിച്ചതോടെ പള്ളിച്ചറ ഉന്നതിയിലെ മൂന്ന് വീടുകളുടെ മെയിന്‍ വാര്‍പ്പ് പൂര്‍ത്തിയായി. ഗോത്രവര്‍ഗ വിഭാഗങ്ങളുടെ വീടിനുള്ള പെര്‍മിറ്റ് സാങ്കേതികം മാത്രമാണെന്നിരിക്കെ ഇതിന്‍റെ പേരിലാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ തുക ഇത്രയുംകാലം വൈകിപ്പിച്ചത്.
ഏതു സമയത്തും കാട്ടാന തകര്‍ത്ത് എറിയാവുന്ന ഈ വനഗ്രാമത്തിലെ ഷെഡ്ഡുകളില്‍ നിന്ന് പുതിയ വീടുകളിലേക്ക് മാറണമെങ്കില്‍ ഇനിയും കടമ്പകളുണ്ട്. പി.എം.ജന്‍മന്‍ പദ്ധതി പ്രകാരം ഓരോ വീടിനും ആറ് ലക്ഷം രൂപയാണ് ആകെ ലഭിക്കേണ്ടത്. തിരഞ്ഞെടുപ്പിന്‍റെ നടപടികളില്‍ തട്ടി തുടര്‍ഫണ്ടിന് ഇനിയും കാലതാമസം ഉണ്ടാകരുത് എന്ന് മാത്രം ഇവര്‍ പറയുന്നു.