വനം വകുപ്പ് വാച്ചര്‍മാര്‍ പണിമുടക്കി. കാവല്‍ ഇല്ലാതായതോടെ വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ശല്യം രൂക്ഷമായി. കതിരിട്ട് തുടങ്ങുന്ന നെല്‍പ്പാടങ്ങള്‍ കാട്ടാനകള്‍ ഇറങ്ങി നശിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ നിസഹായരാണ്.
ഓടപ്പള്ളത്തെ നെല്‍കര്‍ഷകയായ പാര്‍വതിയുടെ അവസ്ഥ നോക്കുക. കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി പാടം ചവിട്ടിമെതിച്ചു. കതിരിട്ട നെല്ലുമുഴുവന്‍ നശിപ്പിച്ചു. വനാതിര്‍ത്തിയിലെ ഫെന്‍സിങ്ങും കല്‍മതിലും എല്ലാം തകര്‍ത്താണ് രാത്രിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത്. വള്ളുവാടി ഭാഗത്ത് തളങ്ങാട്ടില്‍ സാജുവിന്‍റെ ഒരേക്കറോളം നെല്‍പ്പാടം കാട്ടാനകള്‍ പൂര്‍ണമായും നശിപ്പിച്ചു. നൂല്‍പ്പുഴ പഞ്ചായത്തിലെ മിക്ക കര്‍ഷകരുടെയും അവസ്ഥ ഇതാണ്.
വനാതിര്‍ത്തിയിലെ കാവല്‍മാടങ്ങളില്‍ ആളില്ല. വേതനം കുറവായതിനാല്‍ വനം വാച്ചര്‍മാര്‍ ദിവസങ്ങളായി പണിമുടക്ക്. 24 മണിക്കൂറും ജോലിചെയ്യുന്ന ഇവര്‍ക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുന്നില്ല. വാച്ചര്‍മാര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ആനകള്‍ തകര്‍ക്കുന്ന ഫെന്‍സിങ് അറ്റകുറ്റപ്പണി നടത്താനും നടപടി ഇല്ല. ഫെന്‍സിങിനായി പലയിടത്തും സ്ഥലം ഒരുക്കിയിട്ട് മാസങ്ങളായെങ്കിലും നിര്‍മാണം എവിടെയും എത്തിയിട്ടില്ല.