വയനാട് വെണ്ണിയോട് റോഡിന്റെ സംരക്ഷണഭിത്തി നിർമ്മാണം മന്ദഗതിയിൽ. പുഴയോരത്തോട് ചേർന്ന് നിൽക്കുന്ന റോഡ് ഇടിഞ്ഞുതാണിട്ട് രണ്ടുവർഷമായി. പണി തുടങ്ങിയിട്ടും തൊഴിലാളികളെ കാണാനില്ലെന്ന് പ്രദേശവാസികൾ. നാട്ടുകാർ പ്രതിഷേധത്തിലേക്ക്.
രണ്ടുവർഷമായി ഈ കാണുന്ന വെണ്ണിയോട് റോഡ് ഇടിഞ്ഞുതാണിട്ട്, പണി തുടങ്ങിയിട്ട് ഒരു മാസവും. എന്നാൽ റോഡിൻ്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവൃത്തികൾ ഒച്ചിന്റെ വേഗതയിലാണ് മുന്നോട്ടുപോകുന്നത്. 4 ബസുകൾ സർവീസ് നടത്തിയിരുന്ന ഇവിടെ ഇപ്പോൾ ബസുകൾ വരാറില്ല. റോഡ് ഇടിഞ്ഞുതാണശേഷം ഒട്ടേറെ സമരങ്ങൾക്ക് ഒടുവിലാണ് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് നടപടി ഉണ്ടായത് . എന്നാൽ ഒരു മാസം മുൻപ് ആരംഭിച്ച പണി ഇപ്പോൾ മന്ദഗതിയിലാണ് . സ്ഥലത്ത് ഒരു ജെസിബി മാത്രം കാണാം, തൊഴിലാളികൾ എവിടെപ്പോയെന്ന് അറിയില്ല.
മഴപെയ്താൽ മണ്ണിടിഞ്ഞ് നിലവിലെ റോഡ് പുഴയിലേക്ക് പതിക്കുമോ എന്ന പേടിയിലാണ് പ്രദേശവാസികൾ. പണിയുടെ ഭാഗമായി പുഴയിലെ രണ്ട് തടയണകൾ തുറന്നു വിട്ടതോടെ ജലനിധി കിണറിലെ വെള്ളം താഴ്ന്ന് പമ്പിങ്ങ് മുടങ്ങിയ അവസ്ഥയിലാണ്. ഇതിൽ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാർ