പ്രകൃതിയോട് ചേർന്നുനിൽക്കുന്ന നിഷ്കളങ്കമായ ബാല്യത്തിന്റെ കാഴ്ചകൾ ഇന്നും ആദിവാസി ഉന്നതികളിൽ കാണാം. മുരിക്കിൻ തടിയിൽ തീർത്ത ചക്രങ്ങൾ മണ്ണിൽ കറക്കി, ചിരിച്ചും കളിച്ചും ഓടുന്ന കുട്ടികൾ പഴയകാലത്തിന്റെ ഓർമ്മപ്പെടുത്തലാവുകയാണ്. വയനാടൻ ഗ്രാമങ്ങളിലെ ആ മനോഹരമായ കാഴ്ചകളിലൂടെ.
പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടെ ആരവമില്ലാത്ത, മൊബൈൽ ഫോണിന്റെ അനന്തസാധ്യതകൾ തേടാത്ത ലോകമാണിത്. ഇവിടെ കാറ്റും വെളിച്ചവും പ്രകൃതിയുമാണ് കുട്ടികളുടെ കളിക്കൂട്ടുകാർ. അവധിക്കാലത്ത് മുരിക്കിൻ തടിയിൽ തീർത്ത വണ്ടി ഉന്തി അവർ തങ്ങളുടെ ബാല്യം ആഘോഷിക്കുന്നു. പക്ഷേ ഇതുണ്ടാക്കാൻ അത്ര എളുപ്പമല്ല....
ഈ ഉണ്ടാക്കുന്നത് വെറുമൊരു കളിപ്പാട്ടമല്ല, മറിച്ച് ഒരു ജനതയുടെ കരവിരുതിൻ്റെ അടയാളമാണ്. മുരിക്കിൻ തടി കൃത്യമായ വട്ടത്തിൽ മുറിച്ചെടുത്ത്, അതിൽ മരത്തിന്റെ തന്നെ അച്ചുതണ്ട് ഘടിപ്പിച്ച് നിർമ്മിക്കുന്ന ഈ വണ്ടികൾ ഊരുകളിലെ കുരുന്നുകൾക്ക് ചീറിപ്പായുന്ന കാറുകളെപ്പോലെയാണ്. മുരിക്കിൻ തടി ഉപയോഗിച്ചുള്ള ഈ വിദ്യ മാറിവരുന്ന തലമുറകൾക്ക് കൈമാറുന്നു.
നാടും നഗരവും പഴമയെ ഗൃഹാതുരത്വമെന്ന പേരിട്ട് ആഘോഷിക്കുമ്പോൾ, ആധുനികതയുടെ ആർഭാടങ്ങളില്ലാതെ ഇന്നും ഈ ഗ്രാമങ്ങളിൽ വണ്ടിചക്രങ്ങൾ ഉരുളുകയാണ്.
യന്ത്രങ്ങളുടെ ലോകത്ത്, മണ്ണിൽ ഉരുണ്ടുനീങ്ങുന്ന ഈ മര വണ്ടി ചക്രങ്ങൾ പറയുന്നത് ആധുനിക ലോകത്തിനു നഷ്ടപ്പെട്ട കഥകളാണ്. ഊരുകളിലെ ഈ അതിജീവന കഥകൾ പുറം ലോകം അറിയട്ടെ