വയലുകളിൽ നെല്ല് കതിരിട്ടതോടെ വയനാട്ടിലെ വനയോര മേഖലകളിലെ കർഷകർ കാവൽമാടങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. നെല്ല് കൊയ്തെടുക്കുന്നത് വരെ ഇനി കാവൽ മാടങ്ങളിലാണ് ഇവരുടെ ജീവിതം.
രാപ്പകൽ വ്യത്യാസമില്ലാതെ ഇനി കാവൽ ഇരുന്നാൽ മാത്രമേ നെല്ല് കൊയ്തെടുക്കാൻ കർഷകർക്കാവൂ. നെല്ല് കതിരിടുന്നതോടെ വന്യമൃഗങ്ങളും ഇറങ്ങിത്തുടങ്ങും. ഇവയെ പ്രതിരോധിക്കാനാണ് വനമേഖലയോട് ചേർന്ന നൂൽപ്പുഴയിലെ ഈ കൃഷിയിടങ്ങളിൽ കാവൽമാടങ്ങൾ തയാറാകുന്നത്. കിളികൾ മുതൽ കാട്ടാന, പന്നി, മാൻ, മയിൽ അങ്ങനെ എല്ലാത്തിനെയും തുരത്തണം. വളരെ ഉയരത്തിൽ കാവൽമാടങ്ങൾ കെട്ടിയുയർത്തുന്നത് ശ്രമകരമായ ജോലി തന്നെയാണ് .
വനമേഖലയോട് ചേർന്ന് ഫെൻസിങ് ഉണ്ടെങ്കിലും അത് പലപ്പോഴും ഫലപ്രദമാകാറില്ല. ഇനിയുള്ള സമയങ്ങളിൽ രാവെന്നോ പകലെന്നോ ഇല്ലാതെ ഊഴം വച്ച് ഈ കാവൽമാടങ്ങളിൽ കർഷകരുട കാവലുണ്ടാകും.