വയനാട് മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരൻമാർക്ക് കനത്ത തിരിച്ചടി. തടികൾ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. വയനാട് അഡീഷനൽ ജില്ലാ കോടതിയുടേതാണ് ഉത്തരവ്. പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി ആഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരുടെ അപ്പീലാണ് തള്ളിയത്.
തടികൾ മുറിച്ച് കടത്തിയത് വനഭൂമിയിൽ നിന്നോ റവന്യൂ ഭൂമിയിൽ നിന്നോ ആണെന്ന വനം വകുപ്പിന്റെ വാദം കോടതി അംഗീകരിച്ചു. സർക്കാരിന്റെയും വനം വകുപ്പിന്റെയും പ്രധാന കേസുകൾക്ക് ബലം നൽകുന്നതാണ് ഈ വിധി. പൊലീസിൻ്റെ എല്ലാ കേസുകളിലും ഇനിയും കുറ്റപത്രം നൽകിയിട്ടില്ല 2020- 21 ൽ റവന്യൂ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിൻ്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തിയത്.
പതിനഞ്ച് കോടിയോളം വിലമതിക്കുന്ന തടികൾ ഇപ്പോൾ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. വനംവകുപ്പിന് വേണ്ടി കേസിൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ജയപ്രമോദ് ഹാജരായി.