വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിന് ഇരകളായ നിക്ഷേപകര്‍ സമരം വ്യാപിപ്പിക്കുന്നു. ഭൂമിയുടെ പ്രമാണം അടക്കം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേളക്കവല സ്വദേശി സാറാക്കുട്ടിയാണ് പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ രാപ്പകല്‍ നിരാഹാരം ആരംഭിച്ചത്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്കിന് എതിരെയുള്ള സമരം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. നിക്ഷേപകര്‍ അറിയാതെ ഭൂരേഖകള്‍ ദുരുപയോഗപ്പെടുത്തി രണ്ടര വര്‍ഷം മുന്‍പാണ് വലിയ തട്ടിപ്പ് നടന്നത്. ഇതില്‍ ഉള്‍പ്പെട്ട ഇരകളില്‍ ഒരാളാണ് കേളക്കവലയിലെ ഡാനിയേലിന്‍റെ ഭാര്യ സാറാക്കുട്ടി. കുടുംബത്തിന്‍റെ പേരില്‍ എടുത്തെന്ന് പറയുന്ന 75 ലക്ഷം രൂപ എഴുതിത്തള്ളി പ്രമാണം ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. കേസിലെ മുഖ്യപ്രതിയും ബാങ്ക് മുന്‍ പ്രസിഡന്‍റുമായ കെ.കെ എബ്രഹാമിന്‍റെ വീടിന് മുന്നില്‍ നിന്ന് പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡിന് മുന്നിലേക്ക് മാറി ഒറ്റയാള്‍ നിരാഹാരം തുടരുകയാണ് സാറാക്കുട്ടി.
ഇ.ഡി പ്രതികളാക്കിയ ബാങ്ക് ഭരണ സമിതിയില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ആവശ്യം. വായ്പാ തട്ടിപ്പിന് ഇരയായി ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍ നായരുടെ ഭാര്യ ജലജ അടക്കമുള്ളവര്‍ പിന്‍തുണയുമായി സമരപ്പന്തലിലുണ്ട്.