വയനാട് പനമരം കോളേരിയില്‍ നാട്ടുകാരുടെ ജനകീയ ഇടപെടലില്‍ പുനര്‍ജനിച്ച് ഒരു പോസ്റ്റ് ഓഫിസ്. അടഞ്ഞുപോകാന്‍ സാധ്യത ഉണ്ടായിരുന്ന പോസ്റ്റ് ഓഫിസിന് നാട്ടുകാര്‍ സഹായനിധി രൂപീകരിച്ചാണ് പുതിയ മുഖം നല്‍കിയത്.
കോളേരി ടൗണിലെ പഴയ പോസ്റ്റ് ഓഫിസ് കെട്ടിടം ഇങ്ങനെയായിരുന്നു. അണ്‍ഫിറ്റാണെന്ന് കണ്ട് ഉടന്‍ മാറ്റി സ്ഥാപിക്കണം എന്നായിരുന്നു അധികൃതരുടെ ഉത്തരവ്. തുച്ഛമായ വാടകയ്ക്ക് പക്ഷേ പലരും പുതിയ കെട്ടിടം നല്‍കാന്‍ മടിച്ചു. പോസ്റ്റ് ഓഫിസ് നഷ്ടപ്പെടുന്ന ഘട്ടം വന്നു. അപ്പോളാണ് നാട്ടുകാരുടെ ഇടപെടല്‍. കക്ഷി രാഷ്ട്രീയമോ ഗ്രൂപ്പോ നോക്കാതെ ആളുകള്‍ മുന്നിട്ടിറങ്ങി. ടൗണില്‍ കട നടത്തുന്ന സോമന്‍ കടമുറിയുടെ ഒരു ഭാഗം വാടകയില്ലാതെ വിട്ടുനല്‍കി. നാട്ടുകാര്‍ പിരിവിട്ട് വേണ്ട സൗകര്യങ്ങളും ഒരുക്കി ഒരു മാതൃകാ പോസ്റ്റ് ഓഫിസ് അങ്ങനെ യാഥാര്‍ഥ്യമാക്കി.
പൊതുവായ ഒരു ആവശ്യം വന്നാല്‍ കേളേരിക്കാര്‍ ആരുടെയും സഹായം കാത്ത് നില്‍ക്കാറില്ല. നാട്ടുകാര്‍ ചേര്‍ന്ന് നേരത്തെ ഇവിടെ ഒരു ബസ് സ്റ്റോപ്പ് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് സഹായവും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ചെറുപ്പക്കാരോ പ്രായമുള്ളവരോ എന്നില്ല, പ്രചോദനമേകുന്ന മാതൃക തീര്‍ക്കുകയാണ് ഈ നാട്.