സൗരോര്‍ജ്ജവും കാറ്റാടിപ്പാടവും പ്രയോജനപ്പെടുത്തി വയനാട് മീനങ്ങാടിയില്‍ ഹൈബ്രിഡ് ഭവനസമുച്ചയം. സബര്‍മതി നഗര്‍ ആദിവാസി ഉന്നയിലെ 24 കുടുംബങ്ങളിലാണ് സ്വയംപര്യപ്‌ത വൈദ്യുതി ഉത്പാദനത്തിന്‍റെ മാതൃക തീര്‍ക്കുന്നത്.
ഭവന സമുച്ചയത്തിനൊപ്പം ഊര്‍ജ്ജോത്പാദനത്തിലും സ്വയംപര്യാപ്‌തത കൈവരിക്കുന്ന സംവിധാനം. അതാണ് മൂന്നാനക്കുഴി സബര്‍മതി നഗറിലെ 24 വീടുകളോട് ചേര്‍ന്ന് സജ്ജീകരിച്ചിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗത്തിനായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടുകള്‍. മൂന്ന് കാറ്റാടിയന്ത്രങ്ങളും 15 സൗരോര്‍ജ്ജ തെരുവുവിളക്കുകളും സജ്ജമാണ്. പകല്‍ സൗരോര്‍ജ്ജപാനലും രാത്രി കാറ്റാടിപ്പാടവും ഉപയോഗിച്ച് സമുച്ചയത്തില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കഴിയും.
മീനങ്ങാടി പഞ്ചായത്തിന് ഒപ്പം അനര്‍ട്ടിന്‍റെയും നബാര്‍ഡിന്‍റെയും സന്നദ്ധ സംഘടനയായ ശ്രേയസിന്‍റെയും സഹായത്തോടെ 10.4 ലക്ഷം രൂപ ചെലവിലാണ് പദ്ധതി. സോളാര്‍–കാറ്റാടി ഹൈബ്രിഡ് സംവിധാനം പഞ്ചായത്തിലെ തന്നെ മികച്ച പരിസ്ഥിതിസൗഹൃദമായ മാതൃക കൂടിയാണ്. കെഎസ്ഇബിയുമായി സഹകരിച്ച് ഭാവിയില്‍ ഇവിടെനിന്ന് വാണിജ്യാടിസ്ഥാനത്തില്‍ ഗ്രിഡിലേക്ക് വൈദ്യുതി നല്‍കാനും കഴിയും.