വയനാട് നൂൽപ്പുഴയിൽ കല്ലൂർപുഴ മുറിച്ച്കടക്കാൻ വനഗ്രാമത്തിലെ കുടുംബങ്ങൾ ഇപ്പോഴും ആശ്രയിക്കുന്നത് സുരക്ഷിതമല്ലാത്ത ഒറ്റത്തടി പാലങ്ങൾ. കോളൂർ - കാളിച്ചിറ ഗോത്ര ഉന്നതികളിലെ കുടുംബങ്ങൾ ഈ മഴക്കാലത്തും ദുരിത യാത്രയിലാണ്.
കോളൂർ ഗ്രാമത്തിൽ നിന്നും കല്ലൂർ പുഴ കടന്ന് അടുത്തുള്ള കാളിച്ചിറ ഗ്രാമത്തിൽ എത്തണമെങ്കിൽ ജീവൻ പണയം വച്ചുള്ള അഭ്യാസം നടത്തണം. രണ്ടിടത്തായുള്ള ഈ ഒറ്റത്തടി പാലങ്ങൾ മാത്രമാണ് വനഗ്രാമത്തിലുള്ളവരുടെ ഏക ആശ്രയം. മഴയത്ത് ഇതിലൂടെ പോകാൻ ഇവർക്ക് ഭയമാണ്. എപ്പോഴാണ് കാല് തെറ്റി വീഴുക എന്നറിയില്ല. മറ്റ് നിവൃത്തി ഇല്ലാത്തതിനാൽ പുഴയ്ക്ക് കുറുകേ കടപുഴകി വീണ മരവും ഇവർ മറുകര കടക്കാൻ ഉപയോഗിക്കുന്നു. മുൻപ് ഈ പാലത്തിൽ നിന്ന് വീണ് രണ്ട് പേർ മരിച്ചിട്ടുണ്ട്. സുരക്ഷിതമായ ഒരു പാലം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
മഴയത്ത് പുഴയിൽ വെള്ളം കുത്തിയൊലിച്ച് വന്നാൽ നാല് കിലോമീറ്റർ ചുറ്റി വേണം കോളൂരിലെ ഭൂരിഭാഗം വരുന്ന ഗോത്ര ഉന്നതിക്കാർക്ക് കല്ലൂരിൽ എത്താൻ. ഇരുമ്പ് പാലം എങ്കിലും വന്നാൽ ഈ അപകടയാത്രയ്ക്ക് ഒരു അറുതിയാകുമെന്ന് നാട്ടുകാർ പറയുന്നു.