വയനാട് മാനന്തവാടി ടൗണില്‍ ഭീതി പരത്തി തെരുവുനായ്ക്കള്‍. കാല്‍നടയാത്രക്കാര്‍ക്ക് തുടര്‍ച്ചയായി നായ്ക്കളുടെ കടിയേല്‍ക്കുന്ന സാഹചര്യമാണ്. നായ്ക്കളെ പിടികൂടാന്‍ സംവിധാനമില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
തെരുവുനായ്ക്കളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ആസ്മ രോഗിയായ കുഞ്ഞപ്പന്‍. മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മരുന്നു വാങ്ങി വരുമ്പോളാണ് കുഞ്ഞപ്പന് നായകടിയേറ്റത്. ടൗണില്‍ ഒരു പ്രത്യേക സ്ഥലം എന്നില്ല, സ്കൂള്‍ പരിസരത്തും ബസ് സ്റ്റാന്‍ഡിലും എന്തിന് മെഡിക്കല്‍ കോളജ് ഭാഗത്തും വരെ തെരുവുനായ്ക്കള്‍ ഭീതിപരത്തി വിലസുകയാണ്.
ഓടിമാറാന്‍ പാങ്ങില്ലാത്ത വയോധികരാണ് കൂടുതല്‍ ആക്രമിക്കപ്പെടുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് നേരെ എപ്പോള്‍ വേണമെങ്കിലും ആക്രമണം പ്രതീക്ഷിക്കാമെന്ന് നാട്ടുകാര്‍. നിലവില്‍ നഗരസഭയ്ക്ക് നായ്ക്കളെ പിടികൂടാന്‍ സംവിധാനമില്ല. വന്ധ്യംകരണത്തിനായുള്ള എബിസി സെന്‍റര്‍ ഉള്ളത് ബത്തേരിയിലാണ്. നായ്ക്കളെ പിടികൂടാന്‍ എബിസി സെന്‍ററിന്‍റെ സഹായം ആവശ്യപ്പെടുകയാണ് നഗരസഭ. ഇതിനായി ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തെ സമീപിക്കാനാണ് നീക്കം. സാങ്കേതിക തീരുമാനങ്ങള്‍ എടുത്തു വരുമ്പോളേക്കും സാധാരണക്കാര്‍ നായകടിയേറ്റ് തീര്‍ത്തും ദുരിതത്തില്‍ ആകുമെന്ന് നാട്ടുകാര്‍ പറയുന്നു.