pinarayi-mammootty-0903

വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ ഉയർന്ന സൈബർ അധിക്ഷേപങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയുടെ വയനാട് സന്ദർശനം തികച്ചും സദുദ്ദേശത്തോടെയുള്ളതായിരുന്നുവെന്നും അദ്ദേഹത്തെപ്പോലൊരു മഹാനടനെതിരെ നടന്ന പ്രചരണങ്ങൾ നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ സൈബർ ആക്രമണത്തിന് പിന്നിലുണ്ടെങ്കിൽ പാർട്ടിക്കു വേണ്ടി താൻ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശനവേളയിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറി നില്‍ക്കണമെന്ന്  മമ്മൂട്ടി പറഞ്ഞതാണ്  വിവാദങ്ങൾക്ക് വഴിവെച്ചത്. മമ്മൂട്ടിയെ അപമാനിക്കാനോ പ്രയാസപ്പെടുത്താനോ പാടില്ലായിരുന്നുവെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ മന്ത്രി പി. രാജീവും ഈ വിഷയത്തിൽ മമ്മൂട്ടിക്ക് പിന്തുണയുമായി എത്തിയിരുന്നു. മമ്മൂട്ടിയുടെ സന്ദർശനം ടൗൺഷിപ്പ് പദ്ധതിക്ക് വലിയ ആഗോള ശ്രദ്ധ നേടിക്കൊടുത്തുവെന്നും അനാവശ്യമായ ഇത്തരം വിവാദങ്ങൾ പദ്ധതിയുടെ തിളക്കം കുറയ്ക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖും മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചതായി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു.

രാഷ്ട്രീയമായ വ്യാഖ്യാനങ്ങൾ ഒഴിവാക്കാനാണ് മമ്മൂട്ടി തന്നോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്ന് റഫീഖ് വ്യക്തമാക്കിയതോടെയാണ് വിവാദങ്ങൾക്ക് അറുതിയായത്. എങ്കിലും സൈബർ ഇടങ്ങളിൽ മമ്മൂട്ടിക്കെതിരെ നടന്ന ആക്രമണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഖേദം പ്രകടിപ്പിച്ചത്.

ENGLISH SUMMARY:

Mammootty was apologized to by Chief Minister Pinarayi Vijayan for the unfortunate controversies during his Wayanad Township visit. The Chief Minister clarified that Mammootty's visit was well-intentioned and condemned the social media attacks against him.