രാഷ്ട്രീയ ക്രെഡിറ്റ് തര്‍ക്കം ഏറെ ചര്‍ച്ചയായ പാലക്കാട് അകത്തേത്തറ– നടക്കാവ് റെയില്‍വേ മേല്‍പ്പാലം, ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പാലത്തിന്‍റെ ഭാര പരിശോധന പൂര്‍ത്തിയാക്കി ഈ മാസം തന്നെ തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. പ്രദേശവാസികളുടെ പത്തുവര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പാണ് യാഥാര്‍ഥ്യമാകുന്നത്.

പാലം പൂര്‍ത്തിയാകുന്ന ഘട്ടം വന്നപ്പോള്‍ എന്ന് ഉദ്ഘാടനം നടക്കും എന്നതിന് പകരം, നിര്‍മാണത്തിന്‍റെ ക്രെഡിറ്റിനെ ചെല്ലിയായിരുന്നു ചര്‍ച്ച മുഴുവന്‍. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പ്ലാന്‍ തുടങ്ങിയെന്ന് കോണ്‍ഗ്രസും വി.എസ് മലമ്പുഴ എംഎല്‍എയായ സമയത്ത് പണി തുടങ്ങിയെന്ന് സിപിഎമ്മും കേന്ദ്ര ഇടപെടല്‍ നടത്തിയതിന്‍റെ അവകാശവാദവുമായി ബിജെപിയും രംഗത്തുവന്നിരുന്നു. നടപ്പാതയുടെ കൈവരി ഒഴികെയുള്ള എല്ലാം പൂര്‍ത്തിയായി മേല്‍പ്പാലം ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. നിര്‍മാണം തുടങ്ങി അഞ്ച് വര്‍ഷം കൊണ്ടാണ് പാലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇതോടെ അകത്തേത്തറ– നടക്കാവ് പ്രദേശവാസികള്‍ വര്‍ഷങ്ങളോളം അനുഭവിച്ച റെയില്‍വേ കുരുക്കും അഴിയുകയാണ്.

കഞ്ചിക്കോട് ഐഐടിയില്‍ നിന്നുള്ള സംഘം അടുത്ത ദിവസം ഭാരപരിശോധന കൂടി പൂര്‍ത്തിയാക്കുന്നതോടെ പാലം തുറക്കാന്‍ സജ്ജമാകും. മുഖ്യമന്ത്രി തന്നെയാകും ഉദ്ഘാടകനായി എത്തുക. കല്‍പ്പാത്തി രഥോത്സവത്തിന് മുന്‍പായി തുറക്കാന്‍ കഴിയില്ല എന്ന പരിഭവം മാത്രമാണ് പ്രദേശവാസികള്‍ക്കുള്ളത്. 52 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് 690 മീറ്റര്‍ വരുന്ന പാലത്തിന്‍റെ നിര്‍മാണം. പ്രധാന ടൂറിസം മേഖലയായ മലമ്പുഴയെ നഗരവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നു എന്നതും പാലത്തിന്‍റെ പ്രത്യേകതയാണ്.

 

ENGLISH SUMMARY:

The long-awaited Akathethara–Nadakkavu railway overbridge in Palakkad, which was at the center of fierce political credit disputes among the Congress, CPM, and BJP, is finally gearing up for inauguration this month. Built at a cost of ₹52 crore using KIIFB funds, the 690-meter bridge has completed nearly all construction work except for the footpath railings.