ജലസേചനത്തിന് വെള്ളം കിട്ടാതായതോടെ പാലക്കാട് ചിറ്റൂര്‍ മേഖലയില്‍ എണ്‍പത് ഏക്കറോളം വരുന്ന പാടശേഖരം തരിശിട്ട് നെല്‍ കര്‍ഷകര്‍. തുലാവര്‍ഷ മഴ കുറഞ്ഞതും പറമ്പിക്കുളം– ആളിയാര്‍ ഡാം പദ്ധതി പ്രകാരമുള്ള വെള്ളം കിട്ടാത്തതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.

കാലവര്‍ഷം പാലക്കാട് ജില്ലയില്‍ കാര്യമായി പെയ്തിരുന്നില്ല. തീരാന്‍ പോകുന്ന തുലവര്‍ഷപ്പെയ്ത്തും കാര്യമായി തുണയ്ക്കാതിരുന്നതോടെ വെള്ളത്തിന്‍റെ കാര്യത്തില്‍ പ്രതിസന്ധിയിലാണ് ജില്ലയിലെ നെല്‍കര്‍ഷകര്‍. ചിറ്റൂര്‍ പുഴ മെലിഞ്ഞുണങ്ങി. പറമ്പിക്കുളം– ആളിയാര്‍ കരാറിന്‍റെ ഭാഗമായി തമിഴ്നാട്ടില്‍ നിന്ന് കിട്ടാനുള്ള വെള്ളവും ശുഷ്ക്കിച്ചതോടെ കനാലുകളും ശൂന്യമായി. 118 ക്യുസെക്സ് വെള്ളം മാത്രമാണ് ഇതുവരെ ആളിയാറില്‍ നിന്ന് ചിറ്റൂര്‍പുഴയിലേക്ക് എത്തിയത്. നല്ലേപ്പിള്ളി അരണ്ടപ്പള്ളം പാടശേഖരത്തില്‍ രണ്ടാംവിള കൃഷി ചെയ്യാന്‍ കഴിയാതെ എണ്‍പതേക്കറോളം തരിശിടേണ്ട അവസ്ഥായാണ്.

ഞാറ്റടി തയാറാക്കിയവരും ഞാറുനട്ട് കൃഷി ചെയ്യുന്നവരും പ്രതിസന്ധിയിലാണ്. പത്തു ദിവസം കൂടി കഴിയുമ്പോള്‍ ഇതിലേക്ക് കാര്യമായി വെള്ളം വേണം. കിട്ടിയില്ലെങ്കില്‍ എടുത്തപണി വെറുതെയാകും എന്ന് മാത്രമല്ല, വലിയ കടബാധ്യത കൂടിയാണ് കര്‍ഷകര്‍ നേരിടാന്‍ പോകുന്നത്. ബാങ്ക് വായ്പയും പാട്ടക്കുടിശികയും ഉള്ളവര്‍ക്ക് കൃഷിയല്ലാതെ മറ്റ് നിവൃത്തിയുമില്ല. കുഴല്‍കിണറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചിലയിടത്ത് കൃഷി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കനാല്‍ വഴിയുള്ള വെള്ളം ലഭിച്ചില്ലെങ്കില്‍ ഇതും മുന്നോട്ടുപോകില്ല. ആളിയാര്‍ പദ്ധതി പ്രകാരമുള്ള വെള്ളം അടിയന്തരമായി ലഭ്യമാക്കാന്‍ തമിഴ്നാട്ടില്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ENGLISH SUMMARY:

Malayala Manorama Online News reports that paddy farmers in the Chittur region of Palakkad have been forced to leave eighty acres of land barren due to severe water shortages. The lack of monsoon rain and inadequate water supply from the Parambikulam-Aliyar project have severely impacted local agriculture and deepened farmers' debt crises.