ഉദ്ഘാടനം കഴിഞ്ഞിട്ടും സഞ്ചരിക്കാൻ കഴിയാതെ നോക്കുകുത്തിയായി പാലക്കാട് കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ്. അപ്രോച്ച് റോഡിന്റെ നിർമ്മാണം എങ്ങുമെത്താത്തതാണ് ദുരിതമാകുന്നത്. ഇപ്പോഴും ചുറ്റി വളഞ്ഞാണ് ആളുകൾ പാലക്കാട്-മലപ്പുറം അതിർത്തി കടന്നുപോകുന്നത്.
പാലക്കാട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ഭാരതപ്പുഴക്ക് കുറുകെ 107 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞിട്ടും കുമ്പിടി -കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് ഉപകാരമില്ലാതെ കിടക്കുകയാണ്. അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാകാത്തതാണ് പ്രതിസന്ധി. കുമ്പിടി ഭാഗത്ത് അപ്രോച്ച് റോഡിനായി നിരത്തിയ മണ്ണ് മഴയിൽ ചെളിക്കുളമായി മാറിയിരുന്നു. വീണ്ടും നിർമാണം ആരംഭിക്കുമെന്ന ഉറപ്പിൽ വീണ്ടും ഇതേ മണ്ണ് തന്നെ റോഡിൽ നിരത്തിയിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ സ്ഥലമേറ്റെടുപ്പ് പൂർത്തിയായെങ്കിലും, മലപ്പുറം ഭാഗത്ത് സാങ്കേതിക തടസ്സങ്ങൾ കാരണം അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് ഇനിയും വൈകുകയാണ്. കിഫ്ബി ഫണ്ടുകൾ സ്തംഭിച്ചതും പ്രതിസന്ധിയാണ്. അപ്രോച്ച് റോഡുകൾ പൂർത്തിയായാൽ യാത്രാദൂരം 10 കിലോമീറ്ററോളം കുറയും. നിലവിൽ തൃക്കണാപുരം വഴി ചുറ്റിവളഞ്ഞാണ് യാത്രക്കാർ കുറ്റിപ്പുറത്തെത്തുന്നത്. സ്ഥലമേറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി അപ്രോച്ച് റോഡ് പണി തീർത്ത് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.