പാലക്കാട് ഒറ്റപ്പാലം നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷം. മോട്ടറുകളുടെ ക്ഷമത കുറഞ്ഞതും പൈപ് ലൈനുകളിലെ അറ്റകുറ്റപ്പണികൾ വൈകുന്നതുമാണു ജലവിതരണത്തെ ബാധിക്കുന്നത്.
ഒറ്റപ്പാലം ടൗൺ, തോട്ടക്കര, വരോട്, പനമണ്ണ, കണ്ണിയാംപുറം മേഖലകളിലാണു കുടിവെള്ളക്ഷാമം ബാധിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ നാല് ദിവസത്തെ ഇടവേളയിലാണ് വെള്ളമെത്തുന്നത്. പൈപ് ലൈനുകളിലെ ചോർച്ചയാണു പ്രധാന പ്രശ്‌നം. ചോർച്ച കണ്ടെത്തി പരിഹരിക്കാൻ സമയമെടുക്കുമ്പോൾ ജലവിതരണം മുടങ്ങും. മീറ്റ്നയിലെ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ പ്രവർത്തിക്കുന്ന മോട്ടറുകളുടെ ക്ഷമത കുറഞ്ഞതും പ്രതിസന്ധിയാണ്. 10 വർഷത്തിലേറെ പഴക്കമുള്ള, 120 എച്ച്‌പിയുടെ രണ്ട് മോട്ടറുകളാണു മീറ്റ്നയിലെ പ്ലാൻ്റിൽ നിന്നു ചേരിക്കുന്നിലെ സംഭരണിയിലേക്കു വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ, കാലപ്പഴക്കം കാരണം ഇവയുടെ ക്ഷമത എട്ട് എംഎൽഡിയായി കുറഞ്ഞു.
പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ മീറ്റ്നയിലെ നിലവിലെ മോട്ടറുകൾ മാറ്റി 13 എംഎൽഡി വെള്ളം പമ്പ് ചെയ്യാൻ ശേഷിയുള്ള 2 പുതിയ മോട്ടറുകൾ സ്‌ഥാപിക്കണം. ട്രാൻസ്ഫോർമറിൻ്റെ ക്ഷമതയും വർധിപ്പിക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് 4 കോടിയോളം രൂപയുടെ പദ്ധതി ജല അതോറിറ്റി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും നടപടികൾ വൈകുകയാണ്.