പാലക്കാട് കണ്ണമ്പ്രയിൽ നെൽകൃഷിക്കായി വിത്ത് പാകുന്ന യന്ത്രം വികസിപ്പിച്ച് കർഷകൻ. സാധാരണ നടീലിന് ഉപയോഗിക്കുന്ന യന്ത്രത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് കർഷകർക്ക് ഏറെ ഫലപ്രദമാകുന്ന രീതിയിൽ പുതിയ നടീൽ രീതി ഒരുക്കി പ്രതീഷ് എന്ന കർഷകന്റെ വേറിട്ട പരീക്ഷണം.
വിത്ത് പാകി ഞാറ് പറിച്ചുനടുന്ന രീതികൾ അൽപ്പം മാറ്റിവയ്ക്കാം. നേരിട്ട് വിത്ത് വിതയ്ക്കാനുള്ള ശാസ്ത്രീയ ക്രമീകരണങ്ങളാണ് കണ്ണമ്പ്രയിലെ കർഷകൻ പ്രതീഷ് തയാറാക്കിയിട്ടുള്ളത്. സാധാരണ നടീലിന് ഉപയോഗിക്കുന്ന യന്ത്രത്തിന്റെ പിൻവശം പൂർണമായും മാറ്റി നെൽ വിത്ത് വിതയ്ക്കുന്ന രീതിയിൽ രൂപകല്പന ചെയ്തു. ഒരു പ്രത്യേക അകലത്തിൽ ക്രമീകരിച്ചാണ് വിത്തു പാകുന്നത്. നുരി വിത്ത് പാകുന്ന രീതിയിൽ കൃഷി ചെയ്യുന്നതിലൂടെ താരതമ്യേന നേരത്തെ വിളവെടുക്കാൻ കഴിയും എന്നതാണ് പ്രത്യേകത. ഞാറ് പറിച്ച് നടുന്ന കാലതാമസം എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയാണ് പുതിയ സംവിധാനത്തിലേക്ക് എത്തിച്ചതെന്ന് കർഷകൻ പ്രതീഷ് പറയുന്നു.
ഒരു ഏക്കർ കൃഷിയിടത്തിൽ കൃഷി ചെയ്യുന്ന ചിലവിന്റെ മൂന്നിൽ ഒരു ഭാഗം ഈ യന്ത്രം ഉപയോഗിച്ച് കൃഷിയിറക്കുന്നതിലൂടെ ലാഭിക്കാൻ കഴിയുമെന്ന് സീനിയർ കൃഷി ഓഫീസർ എം.വി. രശ്മി അവകാശപ്പെട്ടു. വിത്തുപാകുന്ന സമയത്ത് കളനാശിനിയും ഇതോടൊപ്പം ഉപയോഗിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. നെൽ കർഷകരുടെ പ്രതിസന്ധി മറികടക്കാൻ പുതിയ രീതിയിലുള്ള നുരിവിത്ത് കൃഷി സഹായകമാകുമെന്ന് പ്രതീക്ഷയിലാണ് കർഷകനായ പ്രതീഷ്.