പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് ക്യാഷ് വൗച്ചർ ഓഫർ നൽകുന്ന ഒരു സർക്കാർ സ്‌കൂളുണ്ട് പാലക്കാട്ട്. ആനക്കര ക്യാപ്റ്റൻ ലക്ഷ്മി ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളാണ് 'എ പ്ലസ് ഗിഫ്റ്റ് വൗച്ചർ' പദ്ധതിയിലൂടെ ശ്രദ്ധ നേടുന്നത്. 

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പദ്ധതി. യൂണിറ്റ് ടെസ്റ്റ് മുതൽ അർധ വാർഷിക പരീക്ഷ വരെ വിവിധ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്ക് പോയിന്റുകൾ നിശ്ചയിച്ച് ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകുന്ന രീതിയാണ് 'എ പ്ലസ് ഗിഫ്റ്റ് വൗച്ചർ'. ആനക്കര സ്‌കൂളിലെ അഭിമാന പദ്ധതി വിദ്യാർഥികളും ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. 

എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്നവർക്കു പ്രത്യേക ബോണസ് പോയിന്‍റും ലഭിക്കും. സമാഹരിക്കുന്ന പോയിന്‍റുകൾ ഉപയോഗിച്ചു പഠന ടൂറിനായി ഫീസ് ഇളവ്, പഠനോപകരണങ്ങൾ എന്നിവ സ്വന്തമാക്കാൻ അവസരമുണ്ട്.​ വ്യത്യസ്തമായ ഈ ആശയത്തിന് പിന്നിൽ സ്കൂളിലെ അധ്യാപകനും എസ്.ആർ.ജി കൺവീനറുമായ തോമസ് കുമരനല്ലൂരാണ്.

കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനായി വൗച്ചർ പദ്ധതിക്ക് പുറമെ ​ഡിജിറ്റൽ പോയിന്‍റ്  ട്രാക്കിങ് സംവിധാനവും പഠനത്തിൽ കൂടുതൽ പിന്തുണയും ശ്രദ്ധയും ആവശ്യമുള്ള കുട്ടികൾക്കായി പ്രത്യേക മെന്‍ററിങ് പദ്ധതിയും സ്കൂളിൽ ലഭ്യമാക്കുന്നുണ്ടെന്ന് പ്രധാന അധ്യാപകൻ ഡോ. നെൽസൺ സി. ഏലിയാസ് പറയുന്നു. 

ENGLISH SUMMARY:

A+ Gift Voucher is a unique incentive scheme launched by Anakkara Captain Lakshmi Government Higher Secondary School in Palakkad to reward students for their academic excellence. This innovative program, possibly a first in Kerala government schools, aims to boost student confidence and provide tangible benefits for their hard work.