Image Credit: x/redditchstandard.co.uk
ഇംഗ്ലണ്ടിലെ റെഡിച് ബറോ കൗണ്‍സിലിന്റെ പാത പിന്തുടര്ന്ന് ശ്മശാനങ്ങളില്‍ നിന്നുള്ള താപം ഫലപ്രദമായി ഉപയോഗിച്ച് വീടുകളും സ്കൂളുകളും ശൈത്യകാലത്ത് ചൂടുപിടിപ്പിക്കാന്‍ യൂറോപ്പ് ഒരുങ്ങുന്നു. 6500 വീടുകളും ഒരു സ്കൂളുമാകും ഇത്തരത്തില്‍ ചൂടാക്കുക. മിതമായ തോതിലുള്ള താപമാണ് ശ്മശാനങ്ങളില്‍ നിന്ന് പുറന്തള്ളുന്നത്. എന്നാല്‍ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ പുറത്തുവരുന്ന ചൂട് പരിസ്ഥിതിക്ക് അനുകൂലമായ രീതിയില്‍ ഉപയോഗിക്കുന്നത് വഴി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
2011 ലാണ് റെഡിചില് ആദ്യമായി ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയത്. അന്നേവരെ യുകെയില്‍ ആരും കേട്ടിട്ട് പോലുമില്ലാത്ത രീതിയായിരുന്നു. ഇത്. പ്രദേശത്തെ സ്വിമ്മിങ് പൂളില്‍ ചൂട് നിലനിര്‍ത്തുന്നതിനായി തൊട്ടടുത്തുള്ള ശ്മശാനത്തിലെ ചൂട് ഉപയോഗിക്കാനായിരുന്നു കൗണ്‍സിലിന്റെ തീരുമാനം. വാര്‍ത്ത പുറത്തുവന്നതും രാജ്യാന്തര തലത്തില്‍ വരെ ചര്‍ച്ചയായി. പൊതുജനങ്ങളും എതിര്‍പ്പുയര്‍ത്തി. പക്ഷേ കൗണ്‍സില്‍ പിന്മാറിയില്ല. സമീപകാലത്ത് ഏറ്റവും ദീര്‍ഘവീക്ഷണത്തോട് കൂടിയ നടപടിയെന്ന് ഇത് പിന്നീട് വാഴ്ത്തപ്പെട്ടു. ഗ്രീന്‍ അവാര്‍ഡും നേടി. 2013 മുതല്‍ ശവക്കോട്ടയില്‍ നിന്നുള്ള ചൂടാണ് റെഡിചിലെ സ്വിമ്മിങ് പൂളിന്റെ തണുപ്പകറ്റുന്നത്.
പ്രതിവര്‍ഷം 1200 ശവദാഹങ്ങള്‍ റെഡിചില് നടക്കുന്നുവെന്നാണ് ഏകദേശക്കണക്ക്. ഇവിടെയുള്ള ശ്മശാനത്തിലെ രണ്ട് ഗ്യാസ് ഫയേര്‍ഡ് യൂണിറ്റുകളില്‍ നിന്നുള്ള പുകയില്‍ നിന്നാണ് താപം വേര്‍തിരിച്ചെടുക്കുന്നത്. പുകയില്‍ നിന്നുള്ള താപം ഹീറ്റ് എക്സ്ചേഞ്ചറുകള്‍ വഴിയാണ് ശേഖരിക്കുന്നു. ഈ താപം പൈപ്പ് വഴി 200 മീറ്റര്‍ ഭൂമിക്കടിയിലൂടെ സ്വിമ്മിങ് പൂളിലേക്ക് എത്തിക്കുന്നു. പുകയില്‍ നിന്ന് താപം മാത്രം വേര്‍തിരിച്ചെടുത്ത ശേഷം മറ്റ് വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുമുണ്ട്.
ആബെര്‍ഡീന്‍, സ്കോട്ലന്ഡ് എന്നിവിടങ്ങളില്‍ സ്കൂളുകള്‍ ചൂട് പിടിപ്പിക്കാനും ഇത്തരത്തില്‍ ശ്മശാനങ്ങളില്‍ നിന്ന് സംഭരിക്കുന്ന താപം പ്രയോജനപ്പെടുത്തുന്നു. സ്കൂളിന് ആവശ്യമായതിന്റെ പകുതി മാത്രം താപമാണ് ഇത്തരത്തില്‍ ലഭിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.
ഫിന്‍ലന്‍ഡിലെ കന്ഗസാലയില് വൈദ്യുത ശ്മശാനത്തില്‍ നിന്നും 6500 വീടുകളിലേക്ക് ചൂട്/ചൂട് വെള്ള പൈപ്പുകളെത്തിക്കാനുള്ള പ്രോജക്ട് പുരോഗമിക്കുകയാണ്. 2028 ല്‍ ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും. ശ്മശാനത്തിന്റെ മേല്‍ക്കൂരയില്‍ സോളര്‍ പാനല്‍ ഭാഗികമായി സ്ഥാപിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.