nelliyampathy-1

TOPICS COVERED

പാലക്കാട് നെല്ലിയാമ്പതി വിനോദ സഞ്ചാര മേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും ചുരം കയറുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

പോത്തുണ്ടി– നെല്ലിയാമ്പതി ചുരം പാതയില്‍ മരങ്ങള്‍ വീണ് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം ഗതാഗതം തടസപ്പെട്ടിരുന്നു. വീണ്ടും മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

മഴക്കാലം നെല്ലിയാമ്പതിയെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ചുരത്തിലെ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നതും അതുകൊണ്ടാണ്. എന്നാല്‍ കഴിഞ്ഞദിവസം പോത്തുണ്ടി– നെല്ലിയാമ്പതി ചുരം പാതയില്‍ പലയിടത്തായി മരം വീണ് ചെറിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.

ഫയര്‍ഫോഴ്സും വനം വകുപ്പ് ജീവനക്കാരും വേഗത്തില്‍ ഇടപെട്ടാണ് പാത ഗതാഗതയോഗ്യമാക്കിയത്. മഴ വീണ്ടും ശക്തമായതോടെ ചുരംകയറുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

ഹെയര്‍പിന്‍ വളവുകളില്‍ കോടമഞ്ഞിറങ്ങി കാഴ്ചമറയ്ക്കുന്ന സാഹചര്യമുണ്ട്. വെള്ളച്ചാട്ടങ്ങളില്‍ നീരൊഴുക്ക് കൂടിയതോടെ ഇതിലേക്ക് ഇറങ്ങരുതെന്നാണ് നിര്‍ദേശം. സഞ്ചാരികള്‍ ചെങ്കുത്തായ പാറകളിലേക്ക് ഇറങ്ങി റീല്‍സ് ചിത്രീകരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്ന് വരെയായി നിലവില്‍ ചുരംപാതയിലെ പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

 

Nelliyampathy tourist restrictions have been lifted, but visitors are urged to exercise extreme caution on the ghat road due to renewed warnings about heavy rainfall. :