പാലക്കാട് മലമ്പുഴ വനമേഖലയോട് ചേര്‍ന്ന് ഒറ്റപ്പെട്ട് താമസിക്കുന്ന വയോധിക ദമ്പതികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഇനിയും അകലെ. വഴിസൗകര്യം ഇല്ലാത്ത ഇടത്ത് വന്യമൃഗങ്ങളെ പേടിച്ചാണ് വര്‍ഷങ്ങളായി ഇവരുടെ താമസം. കാന്‍സര്‍ ബാധിതനായ 93 വയസുകാരന്‍ രാമന്‍കുട്ടിയും ഭാര്യ ശാന്തയും ഉപജീവനത്തിന് പോലും ബുദ്ധിമുട്ടുകയാണ്.
മലമ്പുഴ അയ്യപ്പന്‍പൊറ്റയില്‍ നിന്ന് പ്ലാന്‍റേഷന്‍ ഭാഗത്തുകൂടെ ഒരു കിലോമീറ്ററിലധികം നടന്നുവേണം ഇവരുടെ വീട്ടിലെത്താന്‍. 93 വയസുള്ള രാമന്‍കുട്ടിയും 73കാരിയായ ഭാര്യ ശാന്തയും മാത്രമാണ് ഈ വീട്ടിലെ താമസക്കാര്‍. ആതുരാശ്രമം എസ്റ്റേറ്റില്‍ 60 വര്‍ഷം മുന്‍പ് ജോലിക്ക് എത്തിയതാണ് രാമന്‍കുട്ടി. ആയകാലത്ത് മണ്ണിനോട് പടവെട്ടി അധ്വാനിച്ചു. നാല് പെണ്‍മക്കളെ വിവാഹം കഴിച്ച് അയച്ചു. എന്നാല്‍ ഒരു തുണ്ട് ഭൂമി പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ആരും വിളിച്ചാല്‍ പോലും കേള്‍ക്കാത്ത വനംവകുപ്പിന്‍റെ ഈ മിച്ചഭൂമിയില്‍ ഒറ്റപ്പെട്ടാണ് താമസം. കാട്ടാനകളോടും വന്യമൃഗങ്ങളോടും മല്ലിട്ടാണ് ജീവിതം. രാമന്‍കുട്ടി അടുത്തിടെ കാന്‍സര്‍ ബാധിതനായി. ശാന്ത കുറച്ചുനാള്‍ മുന്‍പ് വരെ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. പ്രായവും രോഗവും തളര്‍ത്തിയ ഈ ദമ്പതികള്‍ക്ക് ഇനി എന്ത് ചെയ്യണമെന്ന് നിശ്ചയമില്ല.
മഴ ശക്തമാകുമ്പോള്‍ ഇവര്‍ക്ക് ആധിയാണ്. വീണ്ടും മരങ്ങള്‍ കടപുഴകി വീട്ടിലേക്ക് വീഴുമോ എന്ന് ആശങ്ക. വീട്ടുസാധനങ്ങള്‍ വാങ്ങണം എങ്കില്‍ പോലും ഈ വയോധികര്‍ കിലോമീറ്ററുകള്‍ നടക്കണം. പഞ്ചായത്തില്‍ പലതവണ പുതിയൊരു വീടിനായി അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി ഭൂമിയില്ലെന്ന കാരണത്താല്‍ നിരസിക്കപ്പെട്ടു. ഈ ദുരിതം സര്‍ക്കാര്‍ കാണുകതന്നെ വേണം.
സാങ്കേതികത്വങ്ങള്‍ക്ക് അപ്പുറം മനുഷത്വപരമായ ഇടപെടലാണ് ഈ ദമ്പതികള്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.