kannur-kallu

TOPICS COVERED

കണ്ണൂര്‍ ശ്രീകണ്ഠാപുരം കാക്കണ്ണന്‍പാറയില്‍ ചെങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാരുടെ നിരാഹാര സമരം. സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. ക്വാറിക്ക് താഴ്ഭാഗത്തെ രണ്ട് ഉന്നതികളിലെ താമസക്കാരുടെ ജീവിതം ഖനനം കാരണം ദുരിതത്തിലാകുമെന്ന് സമരക്കാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  ഖനനം നിര്‍ത്തിവെക്കുന്നതുവരെ നിരാഹാരം തുടരാനാണ് തീരുമാനം. 

 

ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ കാക്കണ്ണന്‍പാറയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പതിച്ചു നല്‍കിയ മിച്ചഭൂമി ഉടമകളില്‍ നിന്ന് വാങ്ങിയാണ് ചെങ്കല്‍ഖനനം. 50ലേറെ കുടുംബങ്ങളുടെ കുടിവെള്ളമുള്‍പ്പെടെ നശിപ്പിക്കുന്നതാണ് ഖനനമെന്നാണ് സമരക്കാരുടെ പരാതി. എതിര്‍പ്പ് അവഗണിച്ച് ഖനനം തുടങ്ങിയതോടെയാണ് നിരാഹാര സമരത്തിലേക്ക് കടന്നത്. 

 

ജിയോളജി വകുപ്പിന്‍റെ അനുമതിയുള്ളതിനാല്‍ ഖനനത്തിന്  പൊലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ബലത്തിലാണ് ഖനനം പുരോഗമിക്കുന്നത്. ഖനന മേഖലയ്ക്ക് തൊട്ടടുത്ത് സമുദായ ശ്മശാനവും കുടിവെള്ള സ്രോതസുകളുമുള്ളത്  ശ്രീകണ്ഠാപുരം, ചെങ്ങളായി വില്ലേജ് ഓഫീസര്‍മാര്‍ മറച്ചുവെച്ച് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതാണ് ഖനനാനുമതി ലഭിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം 

ENGLISH SUMMARY:

Kannur red laterite mining protest is ongoing in Sreekandapuram's Kakannanpara, with locals staging a hunger strike against quarrying operations.