കാലം എത്ര കഴിഞ്ഞാലും തിരികെ കൊടുക്കാമെന്ന് പറഞ്ഞ് മേടിച്ച പണം അവർ ആവശ്യപ്പെട്ടില്ലെങ്കിൽ പോലും കണ്ടറിഞ്ഞ് നൽകുന്നത് ഒരു കടമയാണ്. എന്നാൽ, കാശിന്റെ കാര്യം വരുമ്പോൾ എല്ലാവരും ആ വാക്ക് അതുപോലെ പാലിക്കാറില്ല. എന്നാൽ, പാലക്കാടുകാരൻ ഇസ്മയിൽ ചെയ്ത നല്ല പ്രവൃത്തിയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കാൽ നൂറ്റാണ്ട് മുൻപ് സൗദി അറേബ്യയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന സമയത്ത് പാലക്കാട് സ്വദേശിയായ ഇസ്മയിലിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി. അന്ന് കൂടെ ഉണ്ടായിരുന്ന സുഹൃത്തും തെലങ്കാന ധർമ്മപുരി സ്വദേശിയുമായ എഡ്‌ല ലച്ചണ്ണയാണ് 25000 രൂപ നൽകി ഇസ്മയിലിനെ സഹായിച്ചത്. നാട്ടിലേക്ക് തിരിച്ച് മടങ്ങുമ്പോൾ താൻ ഈ തുക തന്ന് വീട്ടിക്കൊള്ളാം എന്ന ഉറപ്പും അന്ന് ഇസ്മയിൽ സുഹൃത്തായ ലച്ചണ്ണയ്ക്ക് നൽകി.
എന്നാൽ, ഇരുവരും നാട്ടിലെത്തിയതോടെ, ഫോൺ നമ്പറും വിലാസവും നഷ്ടമാവുകയും പരസ്പരം ബന്ധപ്പെടാൻ മറ്റൊരു മാർഗമില്ലാതാവുകയും ചെയ്തു. പക്ഷെ, വർഷം ഇത്ര കഴിഞ്ഞിട്ടും തനിക്ക് വീട്ടാനുള്ള കടത്തിന്റെ ഭാരം ഇസ്മയിലിന്റെ ഉള്ളിൽ നിന്നും പോയിരുന്നില്ല. അതുകൊണ്ട് തന്നെയാണ് സുഹൃത്തിന്റെ നാട് തേടി ഇസ്മയിൽ യാത്ര ചെയ്തത്. തെലങ്കാനയിൽ എത്തിയ അയാൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ജഗ്തിയാൽ ജില്ലയിലുള്ള ധർമ്മപുരിയിൽ ചെല്ലുകയും ആളുകളോട് ചോദിച്ചറിഞ്ഞ് ലച്ചണ്ണയുടെ വീട്ടിലെത്തുകയും ചെയ്തു.
അതേസമയം, വീട്ടിലെത്തിയപ്പോഴാണ് ലച്ചണ്ണ വീണ്ടും ജോലിക്ക് വേണ്ടി വിദേശത്തേക്ക് പോയെന്ന് ഇസ്മയിൽ മനസിലാക്കുന്നത്. തുടർന്ന്, കുടുംബത്തിന് 25000 രൂപ കൈമാറുകയും ലച്ചണ്ണയുമായി ഫോണിൽ സംസാരിച്ച് സൗഹൃദം പുതുക്കുകയും ചെയ്തു. എന്തായാലും, താൻ പോലും മറന്നുപോയ ഒരു കടം വീട്ടാൻ വർഷങ്ങൾക്ക് ശേഷം ഇത്രയും ദൂരം യാത്ര ചെയ്ത് തന്റെ വീട്ടിലെത്തിയ ഇസ്മയിലിന്റെ ആത്മാർത്ഥത കണ്ട് ലച്ചണ്ണയും കുടുംബവും നാട്ടുകാരും ഒരുപോലെ അമ്പരന്നിരിക്കുകയാണ്.