തമിഴ്നാട്ടിൽ നിന്ന് എത്തുന്ന അറവുമാടുകളുടെ എണ്ണം കുറഞ്ഞതോടെ പാലക്കാടും ബീഫ് പ്രതിസന്ധി രൂക്ഷം. ജില്ലയിലെ പ്രധാനപ്പെട്ട ചന്തകളിൽ കാലികളെ എത്തിക്കാൻ കഴിയാതെ വ്യാപാരികളും ആശങ്കയിലാണ്.
സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട കന്നുകാലിച്ചന്തകളിൽ ഒന്നായ പാലക്കാട്ടെ കുഴൽമന്ദം മാർക്കറ്റാണിത്. ഒരു മാസത്തോളമായി ഇവിടെ അറവുമാടുകളുടെ വരവ് തീരെ കുറവാണ്. തമിഴ്നാട് പൊള്ളാച്ചി ഭാഗത്തു നിന്നുള്ള വരവ് സ്‌തംഭിച്ചു. ആന്ധ്രയിൽ ഗോസംരക്ഷകർ എന്ന പേരിൽ ഒരു വിഭാഗം വാഹനങ്ങൾ തടഞ്ഞ് ആ കാലികളെ മറിച്ച് വിൽക്കുന്നു എന്നാണ് വ്യാപാരികളുടെ പരാതി.
പാലക്കാട്ടെ പ്രധാന കന്നുകാലി ചന്തകളായ വേലന്താവളം, വാണിയംകുളം എന്നിവിടങ്ങളിലും അറവുമാടുകളുടെ വരവ് തീരെ കുറഞ്ഞു. ഇതോടെ ജില്ലയിൽ ബീഫ് ക്ഷാമം നേരിടുന്നുണ്ട്. ബീഫിന്‍റെ വിലയും 500 രൂപയ്ക്ക് അടുത്തെത്തി. കാലികൾ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ നടപടി വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. ബീഫ് പ്രതിസന്ധി തുടർന്നാൽ ചിക്കൻ ഉൾപ്പെടെയുള്ള മറ്റ് മാംസ ഉത്പന്നങ്ങൾക്കും വില കുതിച്ച് കയറാൻ സാധ്യതയുണ്ട്.