chemical fertilizer-prize hike

TOPICS COVERED

പാലക്കാട്ട് ഒന്നാം വിളയ്ക്ക് ഒരുക്കം തുടങ്ങിയ നെല്‍കര്‍ഷകരെ പ്രതിസന്ധിയിലാക്കി രാസവളത്തിന്‍റെ വില കുതിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ വളത്തിന് അന്‍പത് ശതമാനത്തോളം വില കൂടി. യൂറിയയ്ക്ക് കടുത്ത ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. 

നെല്ല് സംഭരണം പാളി, കൊടുത്ത നെല്ലിന്‍റെ പണം പോലും കിട്ടാതെ നട്ടംതിരിയുന്ന കര്‍ഷകരെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിടുകയാണ് രാസവളത്തിന്‍റെ വിലക്കയറ്റം. 

കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്ത് രാസവളത്തിന്‍റെ വില അന്‍പത് ശതമാനത്തോളം വര്‍ധിച്ചു. എന്‍പികെ വളത്തിന്‍റെ വില ചാക്കിന് 1500ല്‍ നിന്ന് 2100 രൂപയായി. പൊട്ടാഷ് 1800ല്‍ നിന്ന് 1975 രൂപ വരെ ആയി ഉയര്‍ന്നു. ആകെ സബ്സിഡി ലഭിക്കുന്ന യൂറിയയ്ക്ക് ആകട്ടെ മൂന്നൂറ് രൂപയില്‍ കൂടുതലായി. പാലക്കാട് ജില്ലയില്‍ യൂറിയയ്ക്ക് കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. ഒന്നാംവിളയ്ക്ക് ഒരുക്കം നടത്തുന്ന നെല്‍കര്‍ഷകര്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തടസപ്പെട്ടതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. എന്നാല്‍ യൂറിയ ഒഴികെയുള്ള രാസവളങ്ങളുടെ സബ്സിഡി നേരത്തെ തന്നെ പൂര്‍ണമായി ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കര്‍ഷകര്‍ ഈ ഘട്ടത്തില്‍ ആശ്വാസം ഒന്നും പ്രതീക്ഷിക്കുന്നില്ല. വിലക്കയറ്റത്തിന്‍റെ മറവില്‍ കര്‍ഷകര്‍ വിപണിയില്‍ വലിയ ചൂഷണം നേരിടുന്ന സാഹചര്യമുണ്ട്. കൃഷിവകുപ്പിന്‍റെ സഹായത്തോടെ സഹകരണ സംഘങ്ങള്‍ വഴി ന്യായവിലയ്ക്ക് വളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.