price-hike-1
  • സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു. ഗള്‍ഫ് പ്രതിസന്ധി കാരണം നിര്‍മാണ മേഖലയിലുണ്ടായ മുരടിപ്പ്, തൊഴില്ലായ്മ രൂക്ഷമാക്കുന്നതിനിടെയാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി വിലകയറ്റവും വലയ്ക്കുന്നത്.

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില വർധിച്ചതോടെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഗൾഫ് മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് നിർമാണ മേഖലയിൽ ഉണ്ടായ മുരടിപ്പും തൊഴിലില്ലായ്മയും ജനജീവിതം ദുഷ്കരമാക്കുന്നതിനിടെയാണ് വിലക്കയറ്റം ഇരുട്ടടിയാകുന്നത്. Also Read: 'സിജെപിയെ നമ്പരുത്, ഗൂഢാലോചനയാണ്..'; സിജെപി നാടകം കളിക്കുകയാണെന്ന് പി.സരിന്‍ 

ഓണത്തിന് മുമ്പ് കുതിച്ചുയർന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയിലും  കുറവുണ്ടായിട്ടില്ല. അരി മുതൽ പഞ്ചസാര വരെ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നത് കുടുംബങ്ങളുടെ പോക്കറ്റ് കാലിയാക്കുകയാണ്.

പൊന്നി അരി വില കിലോയ്ക്ക് 67 രൂപയിൽ നിന്ന് 78 രൂപയായി ഉയർന്നു. കുറുവ അരിയുടെ വിലയും കൂടി. വിവിധ ഇനം അരികളുടെ ചില്ലറവില്‍പന വില കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ ആയിട്ടുണ്ട്. പലവ്യഞ്ജനങ്ങളുടെ കാര്യം ഇതിലും രൂക്ഷമാണ്. 280 രൂപയായിരുന്ന വറ്റൽമുളകിന്റെ വില 430 രൂപയായി ഉയർന്നു. പരിപ്പിന് വില 118 രൂപയിൽ നിന്ന് 145 രൂപയായി വർധിച്ചു. കിലോയ്ക്ക് 45 രൂപയായിരുന്ന പഞ്ചസാര വില 65 രൂപ കടന്നു.

നിത്യവും ഉപയോഗിക്കുന്ന സാധനങ്ങൾക്ക് പോലും ഉയർന്ന വില നൽകേണ്ടിവരുന്നത് സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയാണ്. വരുമാനത്തിൽ ആനുപാതികമായ വർധനയില്ലാത്ത സാഹചര്യത്തിൽ ഈ വിലക്കയറ്റം കുടുംബങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. വില ഉയരുന്നതിനൊപ്പം കച്ചവടവും കുറഞ്ഞതിന്റെ നിരാശയിലാണ് വ്യാപാരികൾ. സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ മടിക്കുന്നതും ഉയർന്ന വില വ്യാപാരത്തെ ബാധിക്കുന്നതും വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.

അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഓണത്തിന് മുന്‍പ് വിപണിയിൽ സജീവമായി ഇടപെട്ട ഭക്ഷ്യവകുപ്പ് പിന്നീട് വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശ്രദ്ധിച്ചില്ലെന്ന് വിമർശനമുണ്ട്. ഓണത്തിനുശേഷം ഭക്ഷ്യവകുപ്പ് ഉറക്കത്തിലാണോ എന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്.

ENGLISH SUMMARY:

Essential commodity prices in Kerala are rising sharply, putting pressure on household budgets and affecting traders through declining sales. According to the report, Ponni rice has increased from ₹67 to ₹78, dried red chillies from ₹280 to ₹430, pulses from ₹118 to ₹145, and sugar from ₹45 to above ₹65. Vegetable and fruit prices have also remained high following Onam. The Food Department is facing criticism over its market interventions, with consumers calling for effective measures to control prices and make everyday essentials more affordable.