പാലക്കാട്, നെല്ല് സംഭരണം പാളിയതോടെ, വേനല്‍ മഴയില്‍ നെല്ല് കുതിര്‍ന്ന് നശിക്കുന്നു. ധോണി പാടശേരത്തില്‍ 50 ദിവസമായി സൂക്ഷിച്ച 130 ക്വിന്‍റലോളം നെല്ലാണ് നനഞ്ഞുപോയത്. സഹകരണ സ്ഥാപനങ്ങള്‍ വഴി നെല്ലുസംഭരിക്കുമെന്ന് വിശ്വസിച്ച് കാത്തിരിക്കുന്ന കര്‍ഷകരാണ് കണ്ണീരണിഞ്ഞത്.
ധോണി പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞ് സപ്ലൈക്കോ, നെല്ലെടുക്കുത്തതും കാത്തിരിക്കുന്ന കര്‍ഷകരാണ്. കാട്ടാനശല്യം പേടിച്ച് 50 ദിവസമായി നെല്ലിന് കാവല്‍ ഇരിക്കുന്നവര്‍. ഇപ്പോള്‍ ഇതാ കനത്ത വേനല്‍മഴയില്‍ എല്ലാം കുതിര്‍ന്ന് നശിക്കുകയാണ്. ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടും കാര്യമുണ്ടായില്ല. ചാക്കുകളുടെ അടിവശം മുഴുവന്‍ നനഞ്ഞുപോയി. ഏതാണ്ട് 136 ക്വിന്‍റലോളം നെല്ല് നശിച്ചുപോകുന്ന അവസ്ഥ കണ്ണീരോടെ മാത്രമേ കാണാന്‍ കഴിയൂ..
സംഭരണം വേഗത്തിലാക്കി പണം വേഗം തരുമെന്ന് ഉറപ്പ് നല്‍കിയാണ് ഇക്കുറി സഹകരണ സ്ഥാപനങ്ങള്‍ വഴി സപ്ലൈക്കോ നെല്ല് എടുക്കാന്‍ തുടങ്ങിയത്. അത് പാളിയെന്ന് മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വീണ്ടും വൈകുകയും ചെയ്തു. പാലക്കാട് താലൂക്കില്‍ ഉള്‍പ്പെടുന്ന മിക്ക കര്‍ഷകരുടെയും അവസ്ഥ ഇതാണ്. ഇനി നെല്ലുണക്കി കാത്തിരുന്നാലും ഈര്‍പ്പം ചൂണ്ടിക്കാട്ടി മില്ലുകാര്‍ വില കുറയ്ക്കും. സംഭരണ വിഷയത്തില്‍ ആരും ഇടപെടുന്നില്ലെന്ന നിരാശയിലാണ് കര്‍ഷകര്‍.