പൊളളുന്ന വെയിലും ചൂടും കാറ്റും വകവയ്ക്കാതെ വിളയിച്ച നെല്ലിന് ജീവൻ പണയംവച്ചു കാവൽ കിടക്കേണ്ട ഗതികേടിലാണ് പാലക്കാട് ധോണി പാടശേഖരത്തിലെ കർഷകർ. കാട്ടാന ആക്രമണം പതിവായ പാടത്താണ് രാപ്പകൽ വ്യത്യാസം ഇല്ലാതെ ഇവർ കാവലിരിക്കുന്നത്. സപ്ലൈകോ സമയത്ത് നെല്ല് എടുക്കാത്തതാണ് കർഷകരെ ജീവൻ മരണ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
വെയിൽ ചായ്ച്ച് സൂര്യൻ പതിയെ പിൻവാങ്ങുകയാണ്. മെല്ലെ മെല്ലെ ഇരുട്ട് പരന്നു തുടങ്ങി. എന്നാൽ രാവന്തിയോളം ഭൂമിയിൽ അധ്വാനിച്ചുണ്ടാക്കിയ വിളവു സംരക്ഷിക്കാൻ ഇവർ രാത്രിയെന്നോ പകലെന്നൊ ഇല്ലാതെ ഈ പാടശേഖരത്തിൽ കാണും. എത്ര ഉറക്കം വന്നാലും കൺപോള അടയാൻ കുറച്ചു പാടാണ്. പിടി7 ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശിവരാമൻ്റെ വീടിന്റെ സമീപത്താണ് ഈ പാടശേഖരം എന്നതു തന്നെ ആരുടെയും ഉറക്കം കെടുത്തും. ഒരു മാസത്തിലേറെയായി ഈ ദിനചര്യ തുടങ്ങിയിട്ട്. സപ്ലൈകോ നെല്ലു കൊണ്ടുപോയാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ.
ജനുവരിയിൽ കൊയ്ത്തു കഴിഞ്ഞു കാത്തിരിക്കുകയാണ് ഈ കർഷകർ. കഴിഞ്ഞ ദിവസമാണ് നെല്ലെടുക്കാനുള്ള സ്ലിപ് കിട്ടുന്നത്. എന്നാൽ സപ്ലൈകോ നെല്ല് കൊണ്ടുപോകുന്നില്ല. വന്യമൃഗ ശല്യം പേടിച്ച് ധോണി പാടശേഖരത്തിൽ ഒരുവിള മാത്രമാണ് ഇപ്പോൾ ഇറക്കുന്നത്. അതും കാട്ടാന കൊണ്ടുപോകുന്ന സ്ഥിതിയാണ്.