പാലക്കാട്ടെ മേനോൻപാറ പ്ലാൻ്റിൽ നിന്നും ആദ്യഘട്ടത്തിൽ വിപണിയിലെത്തുന്നത് എം.എം ബ്രാൻഡിൽ അര ലീറ്റർ അളവിലുള്ള ബ്രാൻഡി. ഫുള്ളും ഒരു ലീറ്ററും അളവിൽ മദ്യം രണ്ടാം ഘട്ടമായി പുറത്തിറക്കും. ജവാൻ റമ്മിന് പിന്നാലെ സർക്കാർ സ്വന്തം നിലയിൽ പുറത്തിറക്കുന്ന ബ്രാൻഡി നിർമാണ പ്ലാൻ്റ് ഉദ്ഘാടനം നാളെ എക്സൈസ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.

മദ്യത്തിന് ഉചിതമായ പേര് നിർദേശിച്ച് വിജയിച്ചാൽ പതിനായിരം രൂപ പാരിതോഷികമെന്ന പ്രഖ്യാപനമറിഞ്ഞ് തലപുകഞ്ഞവർ നാൽപതിനായിരത്തിലേറെയാണ്. പേരുകൾ പലത് വന്നു. നാൽപ്പതിനായിരം നിർദേശങ്ങളിൽ അറുപതിലേറെ ആളുകൾ ശുപാർശ ചെയ്ത മലബാർ മിസ്റ്ററിയാണ് ഒന്നാമതെത്തിയത്. മലബാർ മിസ്റ്റെന്നതും പരിഗണിച്ചു. ഇതിനെ ചുരുക്കി എം.എം ബ്രാൻഡി എന്ന പേരിൽ വിപണിയിലെത്തിക്കും. ജനങ്ങൾ നിർദേശിച്ച പേരിനോട് ഇഷ്ടമുണ്ടെങ്കിലും കോടതിയെ പേടിച്ച് സമ്മാന വിതരണം തൽക്കാലം മാറ്റി സ്വന്തമായി കണ്ടെത്തിയ പേരെന്ന മട്ടിൽ ബവ്കോ അവതരിപ്പിച്ചേക്കും. ജനങ്ങളുടെ നിർദേശം മികവുറ്റതായിരുന്നു തൽക്കാലം പരിഗണിച്ചിട്ടില്ലെന്ന ആമുഖത്തോടെ. എക്സൈസ് മന്ത്രി എം.ബി.രാജേഷാവും പേരും ലോഗോയും ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജവാൻ റമ്മിൻ്റെ മാതൃകയിൽ മേനോൻപാറയിലെ ബ്രാൻഡി ലീറ്ററിന് 650 ഉം ഫുൾ ബോട്ടിലിന് 490 രൂപയുമാവും വില. അര ലീറ്ററിന് 400 രൂപയോട് അടുത്ത് വില ഈടാക്കും. ആദ്യഘട്ടത്തിൽ അര ലീറ്റർ ബോട്ടിൽ മദ്യമാവും വിപണിയിലെത്തിക്കുക. ബാറുകൾ തുറന്ന് പ്രവർത്തിക്കുന്ന സമയത്തിന് അതിവേഗം മാറ്റം വന്ന പോലെ മദ്യത്തിൻ്റെ വിലയിലും മാറ്റങ്ങളുണ്ടായാൽ ഉപഭോക്താക്കൾ താതാത്മ്യം പ്രാപിക്കുമെന്ന് സർക്കാരിനറിയാം. മേനോൻപാറയിലെ പ്ലാൻ്റിലെ ഉൽപാദനം തുടങ്ങുന്നതോടെ ജവാൻ റം മാത്രമല്ല സർക്കാരിന് സ്വന്തം ബ്രാൻഡിലെ ബ്രാൻഡി കൂടിയുണ്ടെന്ന് ഇനി രേഖകളിൽ ചേർക്കാം.

ENGLISH SUMMARY:

Kerala is set to launch its own branded brandy, 'MM Brandy', from the Menonpara plant. The initial release will feature a 500ml bottle, with full and one-liter options to follow.