ഫൊറൻസിക് തെളിവുകൾ ഉണ്ടായിട്ടും ആത്മഹത്യയായി റജിസ്റ്റർ ചെയ്യപ്പെട്ടെ പാലക്കാട്ടെ കുട്ടികളുടെ മരണങ്ങൾ വീണ്ടും അന്വേഷണത്തിലേക്ക്. ഒൻപതിനും 13 നും ഇടയിൽ പ്രായമുള്ള 23 കുട്ടികളുടെ തൂങ്ങിമരണം വീണ്ടും അന്വേഷിക്കുന്നതിൽ സിബിഐയോട് നിലപാട് അറിയിക്കാനാണ് ഹൈക്കോടതി.
പാലക്കാട് ജില്ലയിലെ വിവിധ ഇടങ്ങളിലെ കുട്ടികളുടെ ആത്മഹത്യയിൽ അന്വേഷണം അവസാനിച്ചതോ വ്യക്തത വരാത്തതോ ആയ കേസുകളാണ് വീണ്ടും അന്വേഷണ പരിധിയിലേക്ക് വരുന്നത്. ഒൻപതിനും 13 നും ഇടയിൽ പ്രായമുള്ള 23 കുട്ടികളുടെ തൂങ്ങിമരണങ്ങൾ സംബന്ധിച്ചാണു പരാതി. ഇതിൽ 12 പേർ ആൺകുട്ടികളാണ്. മരിച്ച 9 വയസ്സുള്ള ഒരു ആൺകുട്ടിയുടെ കൈകളിലും കാലുകളിലും നീല മഷി ഉപയോഗിച്ചുള്ള എഴുത്തും ചിത്രങ്ങളും മന്ത്രവാദത്തിന്റെ തെളിവാണെന്ന് സംശയമുണ്ട്. ശരീരത്തിൽ മർദനത്തിന്റെ പാടുകളും ലൈംഗിക പീഡനത്തിന്റെ തെളിവുകളും ഉണ്ടായിരുന്ന കേസുകൾ പൊലീസ് ആ രീതിയിൽ അന്വേഷിച്ചില്ലെന്നാണ് പരാതി.
വാളയാർ നീതി സമരസമിതി അംഗങ്ങൾ ചേർന്ന് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി സിബിഐയുടെ നിലപാട് നേടിയത്. കേസുകളിൽ ഭൂരിഭാഗവും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. പല്ലശനയിലെ പതിനൊന്നുകാരിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വാളയാർ പെൺകുട്ടികളുടെയും മലബാർ സിമന്റ്സ് മുൻ സെക്രട്ടറി ശശീന്ദ്രന്റെ ആൺമക്കളുടെയും മരണം സംബന്ധിച്ച് നിലവിൽ വേറെ അന്വേഷണം നടക്കുന്നുണ്ട് .